മല്ലപ്പള്ളി: മല്ലപ്പള്ളി - ഹൈസ്ക്കൂൾ ജംഗ്ഷൻ മുതൽ പുല്ലാട് ജംഗ്ഷൻ വരെയുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം 16ന് വെണ്ണിക്കുളത്ത് നടക്കും. വൈകിട്ട് 4ന് മന്ത്രി മാത്യു ടി. തോമസിന്റ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി അഡ്വ. ജി സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി., വീണാ ജോർജ്ജ് എം.എൽ.എ എന്നിവർ പങ്കെടുക്കും. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 12.64 കോടി വകയിരുത്തി ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ ചുമതല കൊല്ലം നാഷണൽ ഹൈവേ അതോറിറ്റിയുടെ മേൽനോട്ടത്തിൽ കരാറ് നൽകിയാണ് നിർവ്വഹിക്കുന്നത്. പ്രവർത്തികൾ പൂർത്തിയാകുമ്പോൾ പത്തനംതിട്ട - കോട്ടയം ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാകും ഇത്. തിരുവല്ല, ചങ്ങനാശേരി തുടങ്ങിയ പട്ടണങ്ങളിലെ തിരക്ക് ഒഴിവാക്കി പുല്ലാട് നിന്ന് വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാൽ, പുതുപ്പള്ളി വഴി കോട്ടയത്തേക്കും മണർകാട് വഴി ഏറ്റുമാനൂർ, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിലെത്താനാകും. ജില്ലയുടെ തെക്കൻഭാഗത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈവഴിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.