പത്തനംതിട്ട : വെണ്ണിക്കുളത്തും സമീപ പ്രദേശങ്ങളിലും കാട്ടു പന്നി ശല്യം രൂക്ഷമാകുന്നു. പുറമറ്റം പഞ്ചായത്തിലെ മിക്ക വാർഡുകളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾ ധാരാളമുള്ള സ്ഥലമാണിത്. ശനിയാഴ്ച പറമ്പിൽ പശുവിനെ കെട്ടാൻ പോയ ആറങ്ങാട്ട് വീട്ടിൽ രാജമ്മ പന്നികളെ കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റു. രാത്രിയിലാണ് ശല്യം കൂടുതലെങ്കിലും പകലും കാട്ടുപന്നിയെ കണ്ടവരുണ്ട്. കൂട്ടമായി പന്നികൾ പോകുന്നത് കണ്ടെന്നാണ് ടാപ്പിംഗ് തൊഴിലാളിയായ സ്റ്റീഫൻ പറയുന്നത്. എന്തോ നിഴലാണ് ആദ്യം കണ്ടത്. പിറ്റേന്ന് രാവിലെ പറമ്പിൽ ചേമ്പും കപ്പയും എല്ലാം നശിപ്പിച്ച് ഇട്ടിരിക്കുന്ന കണ്ടപ്പോഴാണ് പന്നി ഇറങ്ങിയതാണെന്ന് മനസിലായത്.രാത്രിയിൽ പുറത്തിറങ്ങി ഇറങ്ങി നടക്കാൻ പോലും ഭയമാണെന്നാണ് നാട്ടുകാർ പറയുന്നത്. കപ്പയും വാഴയും ചേമ്പും ആണ് കൂടുതലായി നശിപ്പിച്ചത്. കാട്ടുപന്നിയെ തുരത്താൻ മാർഗമില്ലാതെ നിസഹായവസ്ഥയിലാണ് നാട്ടുകാർ. വനപാലകരുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.