പത്തനംതിട്ട: ജില്ലയിൽ പ്രളയം കവർന്നെടുത്ത സ്‌കൂൾ വായനശാലകളിലേക്ക് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന ഡി.സി. പുസ്തകമേളയിൽ അവസരമൊരുക്കുന്നു. പുസ്തകങ്ങൾ വാങ്ങി ഇവിടെ തന്നെ ഏൽപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത് അർഹതപ്പെട്ട സ്‌കൂളുകളിലേക്ക് എത്തിയ്ക്കും. പുസ്തകമേള 17 ന് സമാപിക്കും. പുസ്തകങ്ങൾ വിലക്കിഴിവിലായിരിക്കും നൽകുക. 'കുട്ടിപ്പുസ്തകം' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നൂറോളം സ്‌കൂൾ ലൈബ്രറികളുടെ നവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. കൊച്ചു കുട്ടികൾക്ക് വായിച്ചു രസിക്കാവുന്നതും എന്നാൽ അവരെ ചിന്തിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് ആവശ്യം. പ്രളയത്തെ തുടർന്ന് ജില്ലയിലെ നൂറുകണക്കിന് സ്‌കൂൾ വായനശാലകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: 9946109653