അടൂർ : ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപികരിക്കുന്ന സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോണ്സ് ടീം (എസ്. ഡി. ആർ. ടി) പരിശീലന പരിപാടി പഴകുളം പാസ്സിൽ അന്താരാഷ്ട്ര റെഡ്ക്രോസ് റെഡ് ക്രസൻറ് ഇന്ത്യ ക്ലസ്റ്റർ ഹെഡ് ലിയോൺ പ്രോപ്പ് ഉത്ഘാടനം ചെയ്തു.സംസ്ഥാനതലത്തിൽ മികച്ച ദുരന്ത പ്രതികരണശേഷി വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അന്താരാഷ്ട്ര റെഡ്ക്രോസ് റെഡ് ക്രസന്റ് ഫെഡറേഷൻ,റെഡ്ക്രോസ് ദേശീയ ഹെഡ്ക്വാർട്ടേഴ്സ് എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 32 വളണ്ടിയർമാർക്കാണ് പരിശീലനം നൽകുന്നത്. ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ദേശീയ ആസ്ഥാനത്തുനിന്നുമുള്ള വിദഗ്ദ്ധ പരിശീലകരാണ് ക്യാമ്പിൽ ക്ലാസുകൾ നയിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്ന വളണ്ടിയർമാർ അതതു ജില്ലാഭരണകൂടങ്ങളുമായിച്ചേർന്ന് ദുരന്ത പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജില്ലാതലത്തിൽ പ്രത്യേക വോളണ്ടിയർ സേനയെ പരിശീലിപ്പിച്ചെടുക്കുകയും ചെയ്യും. നാലുദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ചെയർമാൻ ജി. പി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡ് മുൻ അംഗം സി.പി. ജോൺ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സംസ്ഥാന ബ്രാഞ്ച് ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ, അന്താരാഷ്ട്ര റെഡ്ക്രോസ് റെഡ് ക്രസന്റ് ഫെഡറേഷൻ പ്രതിനിധി വിജയ് ഉമ്മിടി, ക്യാമ്പ് ഡയറക്ടർ രജിത് രാജേന്ദ്രൻ, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ ചെയർപേഴ്സൺ വത്സമ്മ സുകുമാരൻ ജില്ലാ സെക്രട്ടറി കെ. ജെ. ഇടിക്കുള എന്നിവർ സംസാരിച്ചു.