തിരുവല്ല: ഗതാഗത തടസം സൃഷ്ടിച്ച് അനധികൃതമായി നഗരസഭാ പരിധിയിലെ വഴിയോരങ്ങളിൽ സ്ഥാപിച്ചിരുന്ന പരസ്യ ​ ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതലാണ് ബോർഡുകൾ നീക്കിയത്. വാഹനം ഓടിക്കുന്നവരുടെ കാഴ്ചയെ മറക്കുന്ന തരത്തിലും കാൽനട യാത്രികർക്ക് തടസം സൃഷ്ടിക്കുന്ന രീതിയിലും സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും കമാനങ്ങളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നഗരസഭകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള മത, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക സംഘടനകൾ ഈ മാസം 17ന് മുമ്പ് ഇവ സ്വയം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പലരും തയ്യാറാകാഞ്ഞതിനെ തുടർന്നാണ് നഗരസഭ നേരിട്ട് നടപടി ആരംഭിച്ചത്.

ഇനി അനുമതി വേണം

വഴിയോരങ്ങളിൽ ഇനി തോന്നിയ പോലെ പരസ്യ ബോർഡുകൾ സ്ഥാപിക്കാനാവില്ല. 17 മുതൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. ബോർഡിൽ ഉൾപ്പെടുത്തുന്ന വാചകങ്ങളും ഫോട്ടോയും അനുമതി അപേക്ഷക്കൊപ്പം നഗരസഭയിൽ നൽകണം. മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള വാക്കുകളും ഭീകരത ജനിപ്പിക്കുന്ന ചിത്രങ്ങളും ബോർഡുകളിൽ ഉൾപ്പെടുത്താൻ അനുവാദം ഉണ്ടാകില്ല. നഗരസഭ അനുവദിക്കുന്ന ബോർഡുകൾ നിർദേശിച്ച ഭാഗങ്ങളിൽ മാത്രമേ സ്ഥാപിക്കാനാകൂ. പരിപാടി കഴിഞ്ഞ് ഏഴ് ദിവസത്തിനകം സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ഇവ സ്ഥാപിക്കുന്ന സംഘടനകളിൽ നിന്നോ ഭാരവാഹികളിൽ നിന്നോ പിഴ ഈടാക്കുന്നതിനുള്ള അധികാരവും കോടതി ഉത്തരവിൻ പ്രകാരം നഗരസഭയ്ക്കുണ്ടെന്ന് സെക്രട്ടറി എസ്.ബിജു പറഞ്ഞു.