പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ധാരണാപത്രത്തിന് അംഗീകാരം നൽകണമെന്ന എൽ.ഡി.എഫിന്റെ ആവശ്യം അംഗീകരിച്ചില്ല. നഗരസഭ കൗൺസിൽ യോഗം ബഹളത്തിലും ഉപരോധത്തിലും കലാശിച്ചു. എൽ.ഡി.എഫ് അംഗങ്ങൾ മിനിട്ട്‌സും അനുബന്ധരേഖകളും കീറി നശിപ്പിച്ചു. ഇന്നലെ കൂടിയ കൗൺസിൽ യോഗത്തിൽ മൂന്നാമത്തെ അജണ്ടയായിരുന്നു ധാരണ പത്രം അംഗീകരിക്കൽ. എന്നാൽ ഇത് അംഗീകരിക്കാൻ ഭരണകക്ഷി തയാറാകാത്തത് എൽ.ഡി.എഫ് പ്രതിഷേധത്തിനും ചെയർപേഴ്സൺ ഗീതാസുരേഷിനെ ഉപരോധിക്കുന്നതിനും ഇടയാക്കി. നഗരസഭയ്ക്ക് അവകാശം നഷ്ടപ്പെടുന്ന തരത്തിലുള്ള ധാരണാപത്രത്തിൽ ഒപ്പിടുന്നതിനോട് യോജിപ്പില്ലെന്നും ഭേദഗതികൾ വേണമെന്നും ഭരണകക്ഷി അംഗങ്ങൾ പറഞ്ഞു. ജില്ലാ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക വകുപ്പ് 50 കോടി രൂപയുടെ കിഫ്ബി മുഖേനയുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ഇതിനായി സ്‌പോർട്സ് ആൻഡ് യൂത്ത് അഫേയഴ്‌സ് ഡയറക്ടർ ഒന്നാംകക്ഷിയായും നഗരസഭ ചെയർപേഴ്‌സൺ രണ്ടാം കക്ഷിയായും ധാരണപത്രം (എം.ഒ.യു) ഒപ്പിടേണ്ടതുണ്ട്. ഇതിൽ ഒപ്പിട്ടാൽ നഗരസഭയ്ക്ക് സ്റ്റേഡിയത്തിലുള്ള എല്ലാ അവകാശങ്ങളും ഇല്ലാതാകുമെന്ന് ഭരണകക്ഷി അഭിപ്രായപ്പെട്ടു. 10 അംഗ ഗവേണിംഗ് ബോർഡിൽ ചെയർപേഴ്‌സണും സെക്രട്ടറിയും മാത്രമാകും നഗരസഭയിൽ നിന്നുള്ളവർ. ഇതോടെ നഗരസഭയ്ക്ക് നിയന്ത്രണം നഷ്ടമാകും.വരുമാനവും ഇല്ലാതാകും. സ്റ്റേഡിയത്തിന് കെ.കെ.നായരുടെ പേരും ഇൻഡോർ സ്റ്റേഡിയത്തിന് ബ്ലസൻ ജോർജിന്റെ പേരും നൽകുന്നതിലും എതിർപ്പുകളുണ്ട്. കുട്ടികളുടെ പാർക്ക് അഞ്ച് കോടി രൂപയുടെ പദ്ധതി ആണെങ്കിലും ഒരു കോടി എം.പി ഫണ്ട് ഒഴിച്ചാൽ ബാക്കി തുക എങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ല. നഗരസഭ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ സർവേയും മണ്ണ് പരിശോധനകളും നടന്നതാണ്. ധാരണാപത്രം ഒപ്പിട്ട് കഴിഞ്ഞാലെ റിപ്പോർട്ട് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കാൻ കഴിയുകയുള്ളു. സ്റ്റേഡിയം വികസനം സംബന്ധിച്ച് കഴിഞ്ഞ ദിവസം വീണാജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗവും നടന്നിരുന്നു.