പത്തനംതിട്ട: ശബരിമല വിഷയങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് ഇന്നു വിളിച്ചിരിക്കുന്ന ചർച്ചയിൽ പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും പങ്കെടുക്കും. ഇന്നലെ ചേർന്ന കൊട്ടാരം നിർവാഹക സമിതിയോഗമാണ് ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
സ്ത്രീ പ്രവേശന വിഷയത്തിൽ കൊട്ടാരം ഇതുവരെ സ്വീകരിച്ച നിലപാടിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ വ്യക്തമാക്കി. ആചാരവും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് ചർച്ചയ്ക്ക് പോകുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചകൊണ്ടു ഫലമുണ്ടാകൂ. ചർച്ചയ്ക്കു വിളിച്ചിട്ട് ചെല്ലുന്നില്ല എന്ന ചീത്തപ്പേരുണ്ടെങ്കിൽ അതുമാറണം. സമരരംഗത്തുളളവരുമായി ആലോചിച്ചാണ് ചർച്ചയ്ക്ക് പോകാൻ തീരുമാനിച്ചത്.കൊട്ടാരം പ്രതിനിധികളായി പ്രസിഡന്റ് ശശികുമാരവർമ്മയും സെക്രട്ടറി നാരായണ വർമ്മയും തന്ത്രി കുടുംബത്തിൽ നിന്ന് കണ്ഠരര് രാജീവരും പങ്കെടുക്കും.