sabarimala

പത്തനംതിട്ട : ശബരിമല വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് ഇന്നു വിളിച്ചിരിക്കുന്ന ചർച്ചയിൽ തന്ത്രികുടുംബവും പന്തളം കൊട്ടാരവും മറ്റ് സംഘടനകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. ദേവസ്വം ബോർഡ് എന്തു നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാവും സമരരംഗത്തെ നീക്കം. നാളെ തുലാമാസ പൂജയ്ക്ക് നട തുറക്കാനിരിക്കെ സംഘർഷത്തിന്റെ അന്തരീക്ഷം നിലനിൽക്കുകയാണ്.

മണ്ഡല, മകരവിളക്ക് ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് ക്ഷണമെങ്കിലും യുവതീപ്രവേശനം ആദ്യ അജണ്ടയായി ചർച്ച ചെയ്യണമെന്ന് കൊട്ടാരവും തന്ത്രി കുടുംബവും ആവശ്യപ്പെടും. ആചാരവും വിശ്വാസവുമാണ് പ്രധാനം.

ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകണമെന്നാണ് കൊട്ടാരവും തന്ത്രികുടുംബവും പ്രധാനമായും ആവശ്യപ്പെടുന്നത്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് രേഖാമൂലം ദേവസ്വം ബോർഡിനെ അറിയിക്കും. വിധി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാടെങ്കിൽ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയെങ്കിലും കോടതിയോട് സമയം നീട്ടി ചോദിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടേക്കും. നട തുറക്കുന്ന നാളെ മുതൽ തീർത്ഥാടനകാലം കഴിയുംവരെയെങ്കിലും ഇപ്പോഴത്തെ സ്ഥിതി തുടരാൻ അനുവദിക്കണം. യുവതികളെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കോടതിയെ അറിയിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെടും.