പത്തനംതിട്ട : നിഷ്പക്ഷമായി നിലപാടെടുക്കുന്ന ഏകപത്രമാണ് കേരളകൗമുദിയെന്നും ജനകീയ മുഖമാണ് കേരളകൗമുദിയുടെ പ്രത്യേകതയെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ഓൾ കേരള കേറ്ററിംഗ് അസോസിയേഷനും ചേർന്ന് നടത്തിയ ഭക്ഷ്യദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്സൺ ഗീതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ ശ്രീകല മുഖ്യപ്രഭാഷണം നടത്തി. കോന്നി ഭക്ഷ്യ സുരക്ഷാ ഓഫീസർ നീതു രവികുമാർ ക്ളാസ് നയിച്ചു. ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിര, സെക്രട്ടറി സജി ഏബ്രഹാം, സംസ്ഥാന സെക്രട്ടറി മനോജ് മാധവശ്ശേരി, ജില്ലാ ട്രഷറർ വി.ആർ പുഷ്പരാജ്, വൈസ് പ്രസിഡന്റ് വിജയൻ നടമംഗലത്ത്, രക്ഷാധികാരികളായ അനിൽ കുമാർ ഓമല്ലൂർ, സാംകുട്ടി ചാമക്കാല, ജോ.സെക്രട്ടറിമാരായ സുരേഷ് ജോർജ് കൈപ്പട്ടൂർ, ജോസഫ് കുട്ടി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി കെ.എം.രാജ, ജില്ലാ സെക്രട്ടറി കെ.കെ.നവാസ്, ജോ.സെക്രട്ടറി ശാന്തി സക്കീർ, പത്തനംതിട്ട യൂണിറ്റ് എക്സി.മെമ്പർ ലാൽസൺ, ഓമല്ലൂർ യൂണിറ്റ് സെക്രട്ടറി സോണി, എക്സി.അംഗം ഷാജി, വർഗീസ് മൈലപ്ര, ബിജു, സുധി സുരേന്ദ്രൻ, സിറാജ്, ഷിഹാബ് എന്നിവർ പങ്കെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ സ്വാഗതവും സർക്കുലേഷൻ മാനേജർ സാബു രാജ് കൃതജ്ഞതയും പറഞ്ഞു.
ഭക്ഷണം നഷ്ടപ്പെടുത്തരുത് : കെ.ശ്രീകല ( ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ)
മനപൂർവമോ അല്ലാതെയോ പലപ്പോഴും ഭക്ഷണം നഷ്ടപ്പെടുത്താറുണ്ട് ചിലർ. എന്നാൽ ഭക്ഷണം ലഭിക്കാതെ അനേകർ ലോകത്ത് ജീവിക്കുന്നുണ്ടെന്ന് നാം ഓർക്കണം. പൊതു സ്ഥലങ്ങളിൽ ആഹാരങ്ങൾ ശേഖരിച്ചു ആവശ്യക്കാർക്ക് നൽകാൻ കഴിയുമോ എന്നൊക്കെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഫാസ്റ്റ് ഫുഡ് ആണ് കുട്ടികളടക്കം എല്ലാവർക്കും താത്പര്യം. എന്നാൽ ഇതിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ശരീരത്തിന് ഹാനികരമാണെന്ന് ആരും ശ്രദ്ധിക്കാറില്ല. അജിനോ മോട്ടോയും കളറും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫാസ്റ്റ് ഫുഡുകളിലാണ്. ഇതിനൊരു മാറ്റം ആവശ്യമാണ്. ഹോട്ടൽ കേറ്ററിംഗ് ഉടമകളടക്കം എല്ലാവരും ഭക്ഷണത്തിലെ അപാകതകൾ പരിഹരിക്കാൻ മുന്നോട്ട് വരണം. ഇതു പോലെ തന്നെ നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് പച്ചക്കറികളിലെ വിഷം. ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ചാൽ ഇതിൽ നിന്ന് നമുക്ക് രക്ഷനേടാം.
മായം കലർന്നിട്ടുണ്ടോയെന്ന് തിരിച്ചറിയണം :
നീതു രവികുമാർ(ഭക്ഷ്യ സുരക്ഷാ ഓഫീസർ)
ഇന്ന് വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളിലും മായം കലർന്നിട്ടുണ്ട്. ഇത് നമുക്ക് തിരിച്ചറിയാൻ ഒരു പാട് വഴികളുണ്ട്. പാലിൽ വെള്ളം കലർന്നിട്ടുണ്ടോ എന്നറിയാൻ ചരിഞ്ഞ പ്രതലത്തിൽ പാൽ ഒഴിച്ചു നോക്കിയാൽ മതി. വെള്ളം കലർന്നിട്ടുണ്ടെങ്കിൽ അത് വേഗത്തിൽ ഒഴുകി പോകും. വെളിച്ചെണ്ണയാണെങ്കിൽ റഫ്രിജറേറ്ററിൽ വച്ചാൽ കട്ടപിടിക്കും. വെള്ളം കലർന്നിട്ടുണ്ടെങ്കിൽ വെള്ളം പൊങ്ങികിടക്കും. ഇങ്ങനെ മായം കലർന്ന പല ഉൽപന്നങ്ങളും നമുക്ക് തിരിച്ചറിയാൻ സാധിക്കും. കായത്തിൽ വെള്ളമൊഴിച്ചാൽ അത് വെള്ളനിറമാകും അല്ലെങ്കിൽ അതിൽ മറ്റ് അസംസ്കൃത വസ്തുക്കൾ കലർന്നവയാകും. തേനിൽ തുണി മുക്കി കത്തിച്ചാൽ വെള്ളമുണ്ടെങ്കിൽ അത് ചെറുതായി പൊട്ടിത്തെറിക്കും. നിറങ്ങൾ കലർന്നിട്ടുണ്ടോ എന്നറിയാൻ പഞ്ഞിയിൽ വെള്ളം മുക്കി തുടച്ചു നോക്കിയാൽ മതി. കായം, കറുവപട്ട, ഏലക്ക, പഞ്ചസാര, തേൻ, വിവിധ പൊടികൾ എന്നിവയിലാണ് കൂടുതലായി മായം കലരുന്നത്.