നിലയ്ക്കൽ: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ നിലയ്ക്കലിൽ തുടങ്ങിയ പ്രതിഷേധം നിലവിടുന്നു. പർണ്ണശാല കെട്ടി നാമജപം നടത്തുന്ന സ്ത്രീകൾ പമ്പയ്ക്ക് പോയ വാഹനങ്ങൾ തടഞ്ഞ് സ്ത്രീ യാത്രക്കാരെ ഇറക്കിവിട്ടു.ഇന്നു വൈകിട്ട് നട തുറക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങൾ.
സമര രീതി മാറിയതോടെ,രണ്ടു ബറ്റാലിയൻ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ എ. ഡി. ജി.പി അനിൽ കാന്ത് വൈകിട്ട് നിലയ്ക്കലും പമ്പയും സന്ദർശിച്ചു.
നിലയ്ക്കൽ പ്രവേശന കവാടത്തിൽ സമരക്കാർ കൂടുതൽ പർണശാലകൾ കെട്ടി നാമജപം ആരംഭിച്ചു. ഇന്നു രാവിലെ ഒൻപതു മുതൽ അയ്യായിരം അമ്മമാർ നാമജപം നടത്തുമെന്ന് ശബരിമല കർമ്മ സമിതി അറിയിച്ചു.
ഇന്നലെ രാവിലെ കർണാടകയിൽ നിന്നെത്തിയ വാർത്താചാനൽ സംഘത്തിലെ വനിതകളെ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം തുടങ്ങിയത്. അവർ നിലയ്ക്കലെ സമരം റിപ്പോർട്ടുചെയ്ത ശേഷം തിരികെപ്പോയി. പിന്നാലെ, കോട്ടയത്തെ ഒരു മാദ്ധ്യമ സ്ഥാപനത്തിലെ മൂന്ന് ജേർണലിസം വിദ്യാർത്ഥിനികളെ കെ. എസ്. ആർ. ടി. സി ബസിൽ നിന്നിറക്കി വിട്ടു. ഇവർ മറ്റൊരു ബസിൽ കോട്ടയത്തേക്കു മടങ്ങി.
സമരാവേശത്തിൽ, ആദിവാസി യുവതി റബർ മരത്തിൽ കയർ കെട്ടി ആത്മഹത്യാശ്രമം നടത്തി. പൊലീസും സമരാനുകൂലികളും ഇവരെ പിന്തിരിപ്പിച്ചു.ജീവൻ വെടിഞ്ഞും യുവതികളെ തടയുമെന്ന് സമരം ചെയ്യുന്ന സ്ത്രീകൾ പറഞ്ഞു. എന്നാൽ, ദർശനത്തിന് ആരെത്തിയാലും സുരക്ഷ നൽകുമെന്ന് പൊലീസും വ്യക്തമാക്കി.
എല്ലാ വാഹനങ്ങളും നിലയ്ക്കലിൽ തടഞ്ഞ് സ്ത്രീകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് പമ്പയിലേക്കു വിട്ടത്. പമ്പ സ്റ്റേഷനിൽ നിന്നെത്തിയ പത്തിൽ താഴെ പുരുഷ പൊലീസുകാർ കാഴ്ചക്കാരായിരുന്നു. പ്രതിഷേധക്കാർ കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥിതിയായതോടെ പത്തനംതിട്ട പൊലീസ് ചീഫ് ടി. നാരായണന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. 12 ബസുകളിലായി പൊലീസ് സംഘം വൈകിട്ട് നിലയ്ക്കലെത്തി. വടശേരിക്കര മുതൽ പമ്പ വരെ പൊലീസ് നിരീക്ഷണത്തിലാണ്. പന്തളത്തു നിന്ന് നൂറിലേറെ ബൈക്കുകളിൽ പ്രതിഷേധക്കാർ വൈകിട്ട് നിലയ്ക്കലെത്തി.
തീർത്ഥാടകരെ ഇന്നുച്ചയ്ക്കു ശേഷമേ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. യുവതികൾ എത്തിയാൽ നൽകേണ്ട സുരക്ഷയെപ്പറ്റി എ. ഡി. ജി.പിയുടെ നേതൃത്വത്തിലുളള ഉന്നതതല യോഗം ചർച്ച ചെയ്തു.
ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നിലയ്ക്കലും എരുമേലിയിലും ഉപവാസം നടക്കും. ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഇന്ന് പത്തനംതിട്ടയിൽ ഉപവസിക്കും.
യുവതികളെ വിലക്കുന്ന ബോർഡ് നീക്കി
സന്നിധാനത്തേക്ക് യുവതികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് പമ്പയിൽ മറച്ചു. പന്തളം രാജകുടുംബത്തിന്റെ മണ്ഡപത്തോടു ചേർന്നാണ് ബോർഡുണ്ടായിരുന്നത്.