stadium
നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയ പഞ്ചായത്ത് സ്റ്റേഡിയം

ഇളമണ്ണൂർ: ഏനാദിമംഗലത്തെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ച് പഞ്ചായത്ത് സ്റ്റേഡിയ നിർമാണം പൂർത്തിയാകുന്നു. പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ നടപ്പാക്കേണ്ട ആദ്യ പദ്ധതികളിലൊന്നായി സ്റ്റേഡിയ നിർമാണം തെരഞ്ഞെടുക്കുകയായിരുന്നു.ഇതിനായി ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും കൈകോർത്ത് 47 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക സ്റ്റേഡിയ നിർമാണം പുരോഗമിക്കുന്നത്. ഇതിൽ 30 ലക്ഷം ജില്ലാ പഞ്ചായത്തിന്റെതും ബാക്കി 17 ലക്ഷം പഞ്ചായത്തിന്റേതുമാണ്. സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നാല് വശവും മതിൽ കെട്ടുകയും ഗേറ്റ് സ്ഥാപിക്കുകയും ഗ്യാലറികൾ നിർമ്മികയും ചെയ്യും.ചെളിക്കുളമായി കിടന്ന ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി നിരപ്പാക്കി' മതിലിന്റെയും ഗ്യാലറിയുടെയും നിർമാണം അവസാന ഘട്ടത്തിലെത്തി.

കായിക പ്രേമികളുടെ ചിരകാല അഭിലാഷം
ഏനാദിമംഗലം പഞ്ചായത്തിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായിരുന്നു ആധുനിക രീതിയിലുള്ള സ്റ്റേഡിയമെന്നത്.മുൻപ് മാറി മാറി വന്ന ഭരണകർത്താക്കൾ സ്റ്റേഡിയത്തിന് ബഡ്‌ജറ്റിൽ തുക വകയിരുത്തിയത് ഒഴിച്ചാൽ യാതൊരു പ്രവർത്തികളും നടന്നിരുന്നില്ല. ഇത് മൂലം പഞ്ചായത്തിലെ കേരളോത്സവം പോലും സ്വകാര്യ സ്കൂളുകളുടെ മൈതാനത്താണ് നടന്ന് വന്നിരുന്നത്. വർഷങ്ങളായി പഞ്ചായത്തോഫീസിനടുത്ത് കിൻഫ്രാ പാർക്കിലേക്കുള്ള പാതക്കരുകിൽ സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലവും ഓപ്പൺ എയർ ആഡിറ്റോറിയവും നശിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടായി മാറിയ നിലയിലായിരുന്നു.

ആകെ ചെലവ് 47 ലക്ഷം രൂപ ചിലവ്

30 ലക്ഷം ജില്ലാ പഞ്ചായത്തും

17 ലക്ഷം ഗ്രാമ പഞ്ചായത്തും

"നിർമാണം അവസാന ഘട്ടത്തിലാണ്.ഉടൻ ഉദ്ഘാടനം നടത്തും."

പ്രീതാരമേശ്(ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് )

കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിയുന്നു