പത്തനംതിട്ട: ആറന്മുളയെ തരിശുരഹിത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ പാടശേഖരത്ത് വീണാജോർജ് എം.എൽ.എ വിത്ത് വിതച്ചു. കഴിഞ്ഞവർഷം 32 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നതെങ്കിൽ ഈ വർഷം നാല് ഹെക്ടർ കൂടി അധികമായി ചേർത്താണ് കൃഷിയിറക്കിയത്. മറ്റ് പാടശേഖരങ്ങളായ തെച്ചിക്കാവിലും പുന്നയ്ക്കാടും ഉടൻ കൃഷിയിറക്കും. പുന്നയ്ക്കാട്ട് കഴിഞ്ഞ വർഷം പത്ത് ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കിയത്. ഈ വർഷം രണ്ട് ഹെക്ടർ കൂടി അധികമായി കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മല്ലപ്പുഴശേരി കൃഷി ഓഫീസർ ബീനാവർഗീസ് പറഞ്ഞു.
തെച്ചിക്കാവിൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും അഞ്ച് ഹെക്ടറിൽ കൃഷിയിറക്കും. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാവിക്രമൻ, വൈസ് പ്രസിഡന്റ് മിനി ജിജി ജോസഫ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗീതാ കൃഷ്ണൻ, മെമ്പർമാരായ ഉഷാകുമാരി, രാഗിണി വിശ്വനാഥ്, റോസമ്മ മത്തായി, എബ്രഹാം, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി തോമസ്, വത്സമ്മ മാത്യു, അസിസ്റ്റന്റ് ഡയറക്ടർ ഒഫ് അഗ്രികൾച്ചർ ജോർജ് ബോബി, പാടശേഖരസമിതി പ്രസിഡന്റ് സദാനന്ദ പൈ, സെക്രട്ടറി ജോസഫ് തയ്യിൽ, ജോയിന്റ് സെക്രട്ടറി ശമുവേൽ എന്നിവർ പങ്കെടുത്തു.