sabrimal

ശബരിമല : സ്ത്രീപ്രവേശന വിധിയെ തുടർന്ന് സംഘർഷഭരിതമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കും മേൽശാന്തി നറുക്കെടുപ്പിനുമായി ശബരിമല ശ്രീകോവിൽ നട ഇന്ന് തുറക്കും. ഇതോടെ എല്ലാ കണ്ണുകളും മനസും ശബരിമലയിലേക്ക് നീളുകയാണ്. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറക്കുക. ഇന്നലെ മുതൽ തീർത്ഥാടകർ പമ്പയിൽ എത്തിത്തുടങ്ങി. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ അയ്യപ്പദർശനം നടത്തുന്നതിനായി യുവതികൾ സന്നിധാനത്ത് എത്തുമോ എന്ന ആശങ്കയാണ് എവിടെയും.

നാളെയാണ് മേൽശാന്തി നറുക്കെടുപ്പ്. ശബരിമലയിലും മാളികപ്പുറം ക്ഷേത്രത്തിലും വൃശ്ചികം 1 മുതൽ ഒരു വർഷത്തേക്കുള്ള പുറപ്പെടാ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനായി രണ്ടിടത്തേക്കും 9 പേരടങ്ങുന്ന പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ നിന്നുമാണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കുക. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഋഷികേശ് എസ്. വർമ്മ ശബരിമല മേൽശാന്തിയുടെയും, ദുർഗ രാംദാസ് രാജ മാളികപ്പുറം മേൽശാന്തിയുടെയും നറുക്കെടുപ്പ് നടത്തും. ഇവർ ഇന്ന് വൈകിട്ട് ശബരിമലയിൽ എത്തും. ഹൈക്കോടതി നിയമിച്ച ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജിന്റെ നിയന്ത്രണത്തിലാണ് മേൽശാന്തി നറുക്കെടുപ്പ്. 22ന് നട അടയ്ക്കും.