നിലയ്ക്കൽ: തുലാമാസ പൂജയ്‌ക്കായി ശബരിമല നട തുറന്ന ഇന്നലെ യുവതീ പ്രവേശനത്തിനെതിരായ പ്രക്ഷോഭം നിലയ്‌ക്കലിൽ അതിരൂക്ഷമായ അക്രമത്തിൽ കലാശിച്ചു. ശരണമന്ത്രങ്ങൾ മുഴങ്ങിയ തീർത്ഥാടന പാതയിൽ സംഘർഷം കനത്തുനിൽക്കുമ്പോഴും ഇന്നലെ വൈകിട്ട് അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ തുറന്നപ്പോൾ ഭക്തജനങ്ങളുടെ വലിയ തിരക്കായിരുന്നു.
സംഘർഷം കണക്കിലെടുത്ത് നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനത്തിന് 30 കിലോമീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ല. ഇന്ന് പുലർച്ചെ പന്ത്രണ്ട് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.തീർത്ഥാടകർക്ക് നിരോധനാജ്ഞ അസൗകര്യമുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ നടത്തും.
സംഘർഷത്തിനിടെ പമ്പയിൽ നാമജപം നടത്തിയ തന്ത്രികുടുംബത്തെയും പന്തളം രാജ പ്രതിനിധിയെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പുലർച്ചെ മുതൽ അരങ്ങേറിയ സം
അഞ്ഞൂറോളം പൊലീസുകാർ മാത്രമാണ് ഉച്ചവരെ നിലയ്ക്കലിലുണ്ടായിരുന്നത്. എ.ഡി.ജി.പി അനിൽ കാന്തിന്റെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നിടത്താണ് അക്രമങ്ങളുണ്ടായത്. കൂടുതൽ പൊലീസിനെ എത്തിച്ചതിനെ തുടർന്ന് വൈകിട്ട് നാലരയോടെയാണ് സംഘർഷം തെല്ല് അയഞ്ഞത്. പമ്പയിൽ പൊലീസ് ലാത്തിവീശിയപ്പോൾ വീണ് സമരാനുകൂലികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വൈകിട്ട് നാലു മണിയോടെ സന്നിധാനത്ത് ഒൻപത് ഹിന്ദുമഹാസഭ പ്രവർത്തകർ പ്രതിഷേധ നാമജപം നടത്തി.
നിലയ്ക്കലിൽ പർണശാല കെട്ടിയ ഹിന്ദു പരിഷത്ത്, ആചാര സംരക്ഷണ സമിതി പ്രവർത്തകർ പുലർച്ചെ വനിതാ പൊലീസിന്റെ വാഹനങ്ങൾ തടഞ്ഞപ്പോൾ ജില്ലാ പൊലീസ് ചീഫ് ടി. നാരായണനുമായി വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ ലാത്തി വീശിയോടിച്ചതുമുതലാണ് സംഘർഷം ഉരുണ്ടു കൂടിയത്. പർണശാല പൊലീസ് പൊളിച്ചു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ഹിന്ദുഐക്യവേദി അദ്ധ്യക്ഷ ശശികലയും എത്തിയതോടെ പ്രതിഷേധക്കാർ വീണ്ടും ഒത്തുകൂടി. പൊലീസിന്റെ മുന്നിൽ വീണ്ടും പർണശാല കെട്ടി നാമജപം ആരംഭിച്ചു. ഇതേ സമയം സമീപത്ത് പത്തനംതിട്ട ഡി.സി.സിയുടെ സർവമത ഉപവാസത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ, ആന്റോ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ സന്നിധാനത്ത് നാമജപം നടത്താനിരുന്ന രാഹുൽ ഇൗശ്വറിനെ പൊലീസ് പമ്പയിൽ തിരിച്ചെത്തിച്ചിരുന്നു. നിലയ്ക്കലിനും ഇലവുങ്കലിനുമിടയിൽ നാല് കെ.എസ്.ആർ. ടി. സി ബസുകളും ഏതാനും പൊലീസ് ജീപ്പുകളും തകർത്തു.
മാദ്ധ്യമങ്ങളെ ആക്രമിച്ചു
നിലയ്‌ക്കലിൽ പ്രതിഷേധക്കാർ വനിതാ മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തു. പമ്പയിലേക്ക് പോകാനായി ബസിൽ കയറിയ ന്യൂസ് 18 റിപ്പോർട്ടർ സരിതയെ മർദ്ദിച്ചു. റിപ്പബ്ളിക് ടി.വിയുടെ റിപ്പോർട്ടർ പൂജയെയും കാമറാമാൻ ശ്രീകാന്തിനെയും കാർ തടഞ്ഞ് മർദ്ദിച്ചു. കാർ തകർത്തു.എൻ.ഡി.ടി.വി കേരള ബ്യൂറോ ചീഫ് സ്നേഹ കോശിയെയും കൈയേറ്റം ചെയ്‌തു. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് വാഹനങ്ങളും കാമറകളും തകർത്തു.