ശബരിമല : ശക്തമായ പ്രതിഷേധവേലിയേറ്റത്തിനിടെ തുലാമാസ പൂജകൾക്കായി ശബരിമല ശ്രീകോവിൽ നട തുറന്നു, ആയിരകണക്കിന് ഭക്തർ ശരണാരവം മുഴക്കി കാത്തുനിൽക്കേ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് അയ്യപ്പസ്വാമിയെ ധ്യാനനിദ്രയിൽ നിന്നണർത്തി ശ്രീലകത്ത് ദീപം തെളിച്ചത്.

അതേസമയം, പമ്പയിലും നിലയ്ക്കലും വിശ്വാസമൂഹം തീർത്ത ശക്തമായ പ്രതിരോധത്തെ തുടർന്ന് ഇന്നലെ യുവതികൾക്ക് സന്നിധാനത്ത് പ്രവേശിക്കാനായില്ല. ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ 8 ന് നടക്കും. രണ്ടിടത്തേക്കും 9 പേർവീതമടങ്ങുന്ന പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഉഷപൂജയ്ക്ക് ശേഷം നറുക്കെടുപ്പ് ച‌ങ്ങുകൾ ആരംഭിക്കും. ആദ്യം ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിന് ശേഷം മാളികപ്പുറം ക്ഷേത്രത്തിൽവച്ച് അവി‌ടുത്തെ മേൽശാന്തിയുടെ നറുക്കെടുപ്പും നടക്കും. ഇതിനായി പന്തളം കൊട്ടാരത്തിൽ നിന്നും അയച്ചകുട്ടികൾ ഇന്നലെ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തി,

സന്നിധാനത്ത് ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ സാന്നിധ്യത്തിൽ അവലോകനയോഗം ചേർന്ന് അടിയന്തിരപ്രധാന്യം നൽകി നടപ്പാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് ചർച്ച നടത്തി. ദേവസ്വം ബോർഡ് ഭാരവാഹികളും സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മേൽശാന്തിമാരായി തിരഞ്ഞെടുക്കപ്പെടുന്നവർ നവംബർ 16 ന് വൈകിട്ട് 7 ന് അവരോധിതരാകും.