നിലയ്ക്കൽ: യുവതീ പ്രവേശനത്തിന്റെ പേരിൽ കനത്ത സംഘർഷം നിലനിൽക്കെ, വ്യാഴാഴ്ച രാവിലെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മലകയറിയ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഏഷ്യൻ മേഖല റിപ്പോർട്ടർ 46കാരിയായ സുഹാസിനി രാജിനെ അപ്പാച്ചിമേട്ടിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞാണ് തടഞ്ഞത്. തോളിന് ചെറിയ പരിക്കേറ്റു. വിശ്വാസികൾ ശരണം വിളികളുമായി പ്രതിരോധം തീർത്തതിനെ തുടർന്ന് മുന്നോട്ടു പോകാൻ കഴിയാതെ സുഹാസിനിയും വിദേശിയായ സഹപ്രവർത്തകനും തിരിച്ചുപോയി. സംഭവത്തിൽ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. സന്നിധാനത്തേക്കുള്ള പകുതി ദൂരം പിന്നിട്ടപ്പോഴാണ് പ്രതിഷേധമുണ്ടായത്. സന്നിധാനത്തും കാനനപാതയിലും പല ഭാഗങ്ങളിലായി തമ്പടിച്ചിരുന്ന പ്രതിഷേധക്കാർ സുഹാസിനിക്കു നേരെ പാഞ്ഞടുത്തു. ലേഡീസ് ഗോബാക്ക് എന്ന് അവർ വിളിച്ചുപറഞ്ഞു. ഇതിനിടെയാണ് സുഹാസിനിയുടെ തോളിൽ കല്ല് പതിച്ചത്. അപ്പാച്ചിമേട്ടിൽ ഇരുഭാഗത്തും കൊക്കയായതിനാൽ പ്രതിഷേധക്കാരെ ലാത്തിവീശിയോടിച്ചാലുണ്ടാകുന്ന അപകടം മുന്നിൽ കണ്ട് പൊലീസ് സംയമനം പാലിച്ചു. പ്രതിഷേധക്കാരുടെ എണ്ണംകൂടിയതോടെ മുന്നോട്ടു പോയാൽ സ്ഥിതി ഗുരുതരമാകുമെന്ന് കണ്ട് സുഹാസിനി സന്നിധാനത്തേക്കുള്ള യാത്ര ഉപേക്ഷിച്ചു.

വിശ്വാസത്തെ മുറിവേല്പിക്കാനില്ല: സുഹാസിനി

പ്രതിഷേധക്കാർ തനിക്കു നേരെ കല്ലെറിഞ്ഞതായി സുഹാസിനി ഫേസ്ബുക്കിൽ പ്രതികരിച്ചു. വിശ്വാസങ്ങളെ മുറിവേല്പിക്കാനില്ല. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് സന്നിധാനത്തേക്കു പോകാതിരുന്നതെന്ന് സുഹാസിനി പറഞ്ഞു.

.