shobha
ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ

പത്തനംതിട്ട : നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിലേക്ക് പോയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വടശ്ശേരിക്കരയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ, ജനറൽ സെക്രട്ടറി നിവേദിത, സെക്രട്ടറി സിന്ധുരാജ്, ട്രഷറർ ലതാ മോഹൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് സുമാ ദേവി, ജനറൽ സെക്രട്ടറി അഞ്ചന സുരേഷ്, ട്രഷറർ രാജി രാജ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് തുടങ്ങിയവരെയും അറസ്റ്റു ചെയ്തു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിന് മുമ്പിൽ ബസ് നിറുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതിനിടെ രാജി രാജിന്റെ കൈയ്ക്കും സിന്ധു രാജിന്റെ നെറ്റിക്കും പരിക്കേറ്റതായി അവർ പറഞ്ഞു.