ശബരിമല: ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റർ അകലെ നടപ്പന്തലിൽ വരെ പൊലീസ് അകമ്പടിയോടെ രണ്ട് യുവതികൾ എത്തിയതും പ്രതിഷേധക്കാരും അയ്യപ്പസ്വാമിമാരും അവരെ തടഞ്ഞതും മുക്കാൽ മണിക്കൂറോളം സ്ഫോടനാത്മകമായ രംഗങ്ങൾക്ക് ഇടയാക്കിയെങ്കിലും ദർശനം സാദ്ധ്യമല്ലെന്ന് ബോദ്ധ്യമായ യുവതികൾ പിന്തിരിഞ്ഞതോടെ സന്നിധാനം വീണ്ടും സമാധാനപൂർണമായി. യുവതികൾ തിരുമുറ്റത്തു കയറിയാൽ ക്ഷേത്രനട അടച്ച് താൻ മടങ്ങിപ്പോകുമെന്ന് തന്ത്രി കണ്ഠരര് രാജീവര് മാദ്ധ്യമങ്ങളെയും യുവതികളുമായി നടപ്പന്തലിലെത്തിയ ഐ.ജി ശ്രീജിത്തിനെയും അറിയിച്ചതും തുടർന്ന് ബലപ്രയോഗം വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഐ.ജിയെ ഫാേണിൽ അറിയിക്കുകയും ചെയ്തതോടെയാണ് സംഘർഷം ശമിച്ചത്. ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെൻ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും ഹൈദരാബാദിൽ നിന്നുള്ള മോജോ ടി.വി റിപ്പോർട്ടർ കവിതാ കോശിയുമാണ് ഇന്നലെ രാവിലെ ഏഴരയോടെ കനത്ത പൊലീസ് സുരക്ഷയിൽ മലകയറിയത്. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് ഇരമുടിക്കെട്ടുമായാണ് രഹ്നയെത്തിയത്. കവിതാ കോശിക്ക് ഇരുമുടിക്കെട്ട് ഇല്ലായിരുന്നു. പൊലീസിന്റെ സുരക്ഷാ കവചവും ഹെൽമറ്റും ഇരുവരും അണിഞ്ഞിരുന്നു. സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ച് ദർശനം നടത്തുന്നതിനായി വ്യാഴാഴ്ച പമ്പയിൽ എത്തിയ ഇരുവരും ഐ.ജി ശ്രീജിത്ത്, പാലക്കാട് ജില്ലാ പൊലീസ് ചീഫ് ദേബേഷ് കുമാർ ബഹ്‌റ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം പൊലീസുകാർ തീർത്ത സുരക്ഷാവലയത്തിലാണ് പമ്പയിൽ നിന്ന് എത്തിയത്. ഇവർ നടപ്പന്തലിൽ പ്രവേശിച്ചപ്പോഴേക്കും പ്രവേശന കവാടം വലയം ചെയ്ത് നിന്നവരുടെ പ്രതിഷേധം ഉച്ചസ്ഥായിയിലായി. ഇതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. അപ്പോഴേക്കും തന്ത്രിയുടെയും മേൽശാന്തിയുടയും പരികർമ്മികൾ പൂജ നിറുത്തിവച്ച് പതിനെട്ടാം പടിയിൽ ശരണം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിച്ചു. വിശ്വാസികളുടെ ചെറുത്ത് നില്പുണ്ടായാൽ അവരെ നേരിടാൻ ചൂരൽ വടിയുമായി ഇരുനൂറിലധികം പൊലീസ് സന്നിധാനത്തും നിലയുറപ്പിച്ചു. സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്ന് മനസിലാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിൽ ഐ.ജിയുമായി ബന്ധപ്പെട്ട് പിന്മാറാൻ നിർദ്ദേശം നൽകിയതോടെ വിശ്വാസികളെ ആരെയും ആക്രമിക്കാൻ വന്നതല്ലെന്നും ആരെയും ചവിട്ടിമെതിച്ചു കൊണ്ട് മുന്നോട്ടു പേകാൻ കഴിയില്ലെന്നറിയാമെന്നും, ശാന്തരായി നാമജപം നടത്തണമെന്നും ഐ.ജി അഭ്യർത്ഥിച്ചു. ഇതോടെ ഭക്തർ കൈയടിച്ചും ശരണം വിളിച്ചും സന്തോഷം പ്രകടിപ്പിച്ചതോടെ സംഘർഷത്തിന് അയവുണ്ടായി. തുടർന്ന് ഫോറസ്റ്റ് ഐ.ബി യിൽ പൊലീസുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് യുവതികൾ പിന്തിരിഞ്ഞത്. പത്തേമുക്കാലോടെ അതേ സുരക്ഷാവലയത്തിൽ യുവതികൾ മലയിറങ്ങി. യുവതികളെ തടഞ്ഞ സംഭവത്തിന്റെ പേരിൽ 200 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ പതിനൊന്നുമണിയോടെ കഴക്കൂട്ടം സ്വദേശിയായ 46കാരി മേരി സ്വീറ്റി ഒറ്റയ്ക്ക് പമ്പയിൽ നിന്ന് മലകയറിയത് അന്തരീക്ഷം വീണ്ടും കലുഷിതമാക്കി. നടപ്പന്തലിൽ പ്രതിഷേധം നടക്കുന്നതിനാൽ ആവശ്യമായ സുരക്ഷ നൽകാനാവില്ലെന്നും കാത്തിരിക്കാനും മേരിയോട് ഡിവൈ.എസ്.പി സാബു അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല. സ്വാമിമാർ ശരണം വിളിച്ച് തടഞ്ഞതോടെ മേരിയെ പൊലീസ് പമ്പ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. വ്യാഴാഴ്ച ന്യൂയോർക്ക് ടൈംസിന്റെ എഷ്യൻ റിപ്പോർട്ടർ ഉത്തർപ്രദേശ് സ്വദേശിനി സുഹാസിനിരാജ് അപ്പാച്ചിമേട് വരെ കയറിയെങ്കിലും ശക്തമായ പ്രതിഷേധത്തെയും കല്ലേറിനെയും തുടർന്ന് പിന്തിരിയേണ്ടി വന്നിരുന്നു. യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് മലകയറിയതറിഞ്ഞ് ശബരിമലയ്ക്ക് പുറപ്പെട്ട ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രനെ വടശേരിക്കരയിലും മറ്റൊരു സംസ്ഥാന സെക്രട്ടറി രേണുക സുരേഷിനെ നിലയ്ക്കലിലും പൊലീസ് അറസ്റ്റ് ചെയ്തു.