ശബരിമല: വിശ്വാസികളായി ആരെത്തിയാലും പൊലീസ് സുരക്ഷ നൽകുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എ.ഡി.ജി.പി അനിൽകാന്തും ഐ.ജി മനോജ് എബ്രഹാമും ശബരിമലയിൽ പറഞ്ഞത്. എന്നാൽ, ഇന്നലെ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് വൻ അകമ്പടിയോടെ സന്നിധാനത്തിനടുത്ത് നടപ്പന്തലിൽ വരെ എത്തിച്ചത് അവിശ്വാസിയും ചുംബന സമരക്കാരിയും വിമെൻ ആക്ടിവിസ്റ്റുമായ എറണാകുളം സ്വദേശി രഹ്ന ഫാത്തിമയെയും മാദ്ധ്യമ പ്രവർത്തക കവിതാകോശിയെയുമാണ്. രഹ്ന ഫാത്തിമയുടെ പശ്ചാത്തലം അന്വേഷിക്കാതെയാണ് സന്നിധാനത്തേക്കു പോകാൻ സുരക്ഷ നൽകിയതെന്ന് ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ഇരുവരും പ്രതിഷേധക്കാരുടെ കണ്ണു വെട്ടിച്ച് വ്യാഴാഴ്ച പമ്പ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തങ്ങൾക്ക് സന്നിധാനത്ത് പോകാൻ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടു. രാത്രി യാത്ര ഒഴിവാക്കി പകൽ പോകാമെന്നായി പൊലീസിന്റെ നിലപാട്. ഇന്നലെ രാവിലെ ഏഴരയോടെ പൊലീസിന്റെ സുരക്ഷാ ജാക്കറ്റും ഹെൽമറ്റും ധരിപ്പിച്ച് യുവതികളുമായി പൊലീസ് സന്നിധാനത്തേക്കു പോയി. നീലിമലയും അപ്പാച്ചിമേടും കടന്ന് മരക്കൂട്ടത്ത് എത്തിയപ്പോഴാണ് വിമെൻ ആക്ടിവിസ്റ്റ് സന്നിധാനത്തേക്ക് ഇരുമു‌ടിക്കെട്ടുമായി മല കയറിയത് മന്ത്രി കടകംപള്ളിയറിഞ്ഞത്. വിമെൻ ആക്ടിവിസ്റ്റുകൾക്ക് കയറാനുള്ളതല്ല ശബരിമലയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തു. പൊലീസ് നടപടിയെ മന്ത്രി വിമർശിച്ചു സംസാരിക്കുമ്പോഴും ഐ .ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ യുവതികളുമായി പൊലീസ് സന്നിധാനത്തിനടുത്ത് നടപ്പന്തൽ ഭാഗത്തേക്ക് എത്തിയിരുന്നു. തീർത്ഥാടകരും പ്രതിഷേധക്കാരുമായി ഇരുനൂറോളം ആളുകൾ പ്രതിരോധം തീർത്തതോടെ മുന്നോട്ടു പോകാനാവാതെ വന്നു. അതേസമയം, കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി പൊലീസ് സുരക്ഷ ആവശ്യപ്പെടാതെയാണ് പമ്പയിലെത്തി മല കയറാൻ തു‌ടങ്ങിയത്.

>>>

'' സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്തേക്ക് പോകാൻ യുവതികൾക്ക് സുരക്ഷ നൽകിയത്. ദർശനം നടത്തണമെന്ന് പറഞ്ഞ് ആരെത്തിയാലും മുഖം നോക്കാതെ സുരക്ഷ നൽകും

എെ.ജി ശ്രീജിത്ത്

>>>

'' വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായാണ് ഞാൻ ദർശനത്തിനെത്തിയത്. ഞാൻ വിശ്വാസിയല്ലെന്നു പറയുന്നവർ വിശ്വാസം എന്താണെന്ന് ആദ്യം വ്യക്തമാക്കണം. വിശ്വാസമുള്ളവരാണോ എന്റെ വീടാക്രമിച്ചത്. മല കയറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

രഹ്ന ഫാത്തിമ

>>>

'' മാദ്ധ്യമപ്രവർത്തനത്തിന്റെ ഭാഗമായാണ് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്തേക്ക് പോയത്.

കവിതാ കോശി.

>>>

'' വിദ്യാരംഭ ദിനമായതിനാലാണ് അയ്യപ്പനെ കാണാനെത്തിയത്. ഏതോ ഒരു ശക്തിയാണ് എന്നെ ഇവിടെ എത്തിച്ചത്.

മേരി സ്വീറ്റി