sabarimala-melsanthi
ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വി.എൻ.വാസുദേവൻ നമ്പൂതിരി

ശബരിമല: വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന മണ്ഡലകാലം മുതൽ അടുത്ത ഒരു വർഷത്തേക്ക് ശബരിമല മേൽശാന്തിയായി പാലക്കാട് വരിക്കശ്ശേരി ഇല്ലത്ത് വി.എൻ. വാസുദേവൻ നമ്പൂതിരിയെയും (51), മാളികപ്പുറം മേൽശാന്തിയായി ചെങ്ങന്നൂർ വനവാതുക്കര ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ. നാരായണൻ നമ്പൂതിരിയെയും (52) തിരഞ്ഞെടുത്തു.

ബംഗളൂരു അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ് വാസുദേവൻ നമ്പൂതിരി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിലുള്ള രാമങ്കരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് നാരായണൻ നമ്പൂതിരി. ഇരുവരും നവംബർ 16ന് വൈകിട്ട് മേൽശാന്തിമാരായി അവരോധിതരാകും.

തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ നേതൃത്വത്തിലും സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ്, ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷകൻ ജസ്റ്റിസ് ആർ. ഭാസ്‌കരൻ എന്നിവരുടെ നിയന്ത്രണത്തിലും വ്യാഴാഴ്ചയാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേൽശാന്തിയുടെ നറുക്ക് പന്തളം കൊട്ടാരത്തിലെ ഋഷികേശ് എസ്. വർമ്മയും മാളികപ്പുറത്തേത് ദുർഗ രാംദാസ് രാജയുമാണ് എടുത്തത്.

ശബരിമല മേൽശാന്തി നറുക്കെടുപ്പാണ് ആദ്യം നടത്തിയത്. അന്തിമ പട്ടികയിൽ ഇടം നേടിയ 9 പേരുടെ കുറികൾ ഒരു വെള്ളി കിണ്ണത്തിലും മേൽശാന്തി എന്ന് രേഖപ്പെടുത്തിയ ഒരു കുറിയും 8 ശൂന്യ കുറികളും മറ്റൊരു കിണ്ണത്തിലും ചുരുളുകളായി നിക്ഷേപിച്ച ശേഷം തന്ത്രി കണ്ഠരര് രാജീവര് അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച് പൂജ നടത്തി. തുടർന്നാണ് നറുക്കെടുത്തത്. രണ്ടിടത്തും ആറാമത്തെ നറുക്കിലാണ് പേരിനൊപ്പം മേൽശാന്തി എന്ന കുറിയും ഒത്തുവന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെമ്പർ കെ.പി. ശങ്കരദാസ്, എക്സിക്യൂട്ടിവ് ഓഫീസർ സുധീഷ് എന്നിവരും നറുക്കെടുപ്പിൽ സന്നിഹിതരായിരുന്നു.