തിരുവല്ല : അടിമ കച്ചവടം നിയമം മൂലം നിരോധിച്ചുകൊണ്ട് കൊല്ലവർഷം 1030 ൽ മഹാരാജാവ് പുറപ്പെടുവിച്ച അടിമ വ്യാപാര നിരോധന വിളംബരത്തിന്റെ 164-ാം വാർഷികം ആദിയർ ജനതയുടെ സ്വാതന്ത്യദിനമായി പ്രത്യക്ഷ രക്ഷാ ദൈവസഭ (പി. ആർ.ഡി.എസ്) ആഘോഷിച്ചു. ഇരവിപേരൂർ ശ്രീകുമാർ നഗറിലെ ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥനയ്ക്കു ശേഷം സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് അടിമ സഹിച്ച മാതാപിതാക്കളുടെ സ്മരണയ്ക്കായി ശ്രീകുമാർ നഗറിൽ സ്ഥിതി ചെയ്യുന്ന അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടത്തിയതോടെ കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ അടിമ വ്യാപാര നിരോധന വിളമ്പരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രത്യേക പ്രാർത്ഥന, വിളംബര സമ്മേളനം, സെമിനാർ, ആത്മീയ പ്രഭാഷണം എന്നിവ നടന്നു. സഭാ പ്രസിഡന്റ് വൈ.സദാശിവൻ, വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ഗുരുകുല ശ്രേഷ്ഠൻ ഇ.ടി. രാമൻ, ജനറൽ സെക്രട്ടറിമാരായ സി.സി. കുട്ടപ്പൻ, ചന്ദ്രബാബു കൈനകരി,, ജോയിന്റ് സെക്രട്ടറി കെ.ടി.വിജയൻ, ഖജാൻജി കെ. മോഹനൻ, ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്‌ക്കരൻ, ഗുരുകുല സമിതി - ഹൈകൗൺസിലംഗങ്ങൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന വിളംബര സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. കോട്ടയം ഡി.സി ബുക്സ് ഓഡിറ്റോറിയത്തിൽ പി.ആർ.ഡി.എസ് ഏംപ്ലോയീസ് ഫോറം സംഘടിപ്പിച്ച സെമിനാർ ജനറൽ സെക്രട്ടറി ചന്ദ്രബാബു കൈനകരി ഉദ്ഘാടനം ചെയ്തു.