vandimala
വിജയദശമി ദനത്തിൽ വണ്ടിമല ക്ഷേത്രത്തിൽ അക്ഷരം കുറിക്കുന്ന തമിഴ്നാട് സ്വദേശി അക്ഷിതയും ബംഗാൾ സ്വദേശി ദിയയും

ചെങ്ങന്നൂർ: വിജയദശമി ദിനത്തിൽ വണ്ടിമല ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ച് തമിഴ്നാട്, ബംഗാൾ സ്വദേശികൾ. തമിഴ്നാട്ടുകാരായ രാജു ചാത്തുവിന്റെയും ബിന്ദുവിന്റെയും മകൾ അക്ഷിതയും ബംഗാൾ സ്വദേശികളായ പ്രവീൺ ദേവനാഥിന്റെയും സ്വപ്നയുടേയും മകൾ ദിയയുമാണ് മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചത്. രാജുവും പ്രവീണും കഴിഞ്ഞ ഏഴു വർഷമായി ചെങ്ങന്നൂരിൽ ഉണ്ട്. രാജു ബിസിനസ് ചെയ്യുന്നു, പ്രവീൺ മേസ്തിരിപ്പണിക്കാരനാണ്. അക്ഷിതയുടെയും ദിയയുടെയും സഹോദരങ്ങളായ അശ്വിനും പ്രിയയും അങ്ങാടിക്കൽ എസ്.സി.ആർ.വി. സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇവർ മാതൃഭാഷയ്ക്കൊപ്പം നന്നായി മലയാളവും സംസാരിക്കും. വണ്ടിമല ദേവസ്ഥാനം ട്രസ്റ്റിനൊപ്പം ഇലഞ്ഞിമേൽ കെ.പി. രാമൻനായർ സ്മാരക ഭാഷാപഠനകേന്ദ്രവും ബോധിനിയും ചേർന്നാണ് വിദ്യാരംഭം പരിപാടി സംഘടിപ്പിച്ചത്. നിരവധി കുരുന്നുകൾ ഇവിടെ ആദ്യാക്ഷരം കുറിച്ചു. റിട്ട. അദ്ധ്യാപകൻ ആലാ വാസുദേവൻപിളള, വണ്ടിമല ക്ഷേത്ര മേൽശാന്തി രാജേഷ് നമ്പൂതിരി എന്നിവർ അക്ഷരമെഴുതിച്ചു.