തിരുവല്ല: നഗരസഭാ ഉപാദ്ധ്യക്ഷയായി യു.ഡി.എഫിലെ കോൺഗ്രസ് കൗൺസിലർ ശ്രീരഞ്ജിനി എസ്. പിളള തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കൗൺസിൽ 21 അംഗങ്ങളുടെ വോട്ട് ശ്രീരഞ്ജിനി നേടി. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ അരുന്ധതി രാജേഷിന് ഏഴ് വോട്ട് ലഭിച്ചു. 33 അംഗങ്ങൾ വോട്ടെടുപ്പ് യോഗത്തിൽ പങ്കെടുത്തു. മൂന്ന് വോട്ടുകൾ അസാധുവായി. ബി.ജെ.പിയിലെ നാല് അംഗങ്ങളും സ്വതന്ത്രനായ സുരേഷ് മുത്തൂർ, ജനതാദൾ എസിലെ ഷാജി തിരുവല്ല എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് വിമതരായ മുൻ ചെയർമാൻ കെ.വി.വർഗീസ്, കൃഷ്ണകുമാരി എന്നിവർ വോട്ടുചെയ്തില്ല. കേരളാ കോൺഗ്രസ് മാണിവിഭാഗത്തിലെ ജോയി പരിയാരത്ത്, സി.പി.എമ്മിലെ ശരണ്യ, സതീഷ് വിജയൻ എന്നിവരുടെ വോട്ടുകൾ അസാധുവായി. 2017 ഏപ്രിലിൽ കെ.വി.വർഗീസിനെതിരെ യു.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നപ്പോൾ പാർട്ടി വിപ്പ് ലംഘിച്ച് വിട്ടുനിന്നയാളാണ് ജോയി പരിയാരത്ത്. യു.ഡി.എഫിലെ ധാരണയെതുടർന്ന് മാണി വിഭാഗത്തിലെ ഏലിയാമ്മ തോമസ് രാജിവച്ച ഒഴിവിലാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 31ാം വാർഡ് കൗൺസിലറാണ് ശ്രീരഞ്ജിനി. മുൻ കൗൺസിലർ കെ.കെ. സോമശേഖരപിളളയുടെ ഭാര്യയാണ്.