പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ് പി.എസ്.ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. സർക്കാർ കുതന്ത്രത്തിലൂടെ ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നത്. വിശ്വാസം സംരക്ഷിക്കാനായി സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ആലോചിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഡയറക്ടർ ജനറൽ ഒഫ് കോൺസ്റ്റിറ്റ്യൂഷൻ നൽകിയ റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. അന്യമതസ്ഥരായ യുവതികളെ ശബരിമലയിൽ എത്തിക്കാൻ ശ്രമിച്ച സർക്കാർ പട്ടികജാതി വിഭാഗക്കാരായ യുവതികളെ എത്തിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത് നപുംസക നിലപാടാണെന്നും നിലയ്ക്കലിൽ സമരം നടത്തി മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഷോ കാണിച്ച കെ.സുധാകരനെ പിന്നീട് കണ്ടിട്ടില്ലെന്നും ശ്രീധരൻപിള്ള പരിഹസിച്ചു.