തിരുവല്ല: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സംയുക്ത നദി സംരക്ഷണ പദ്ധതിയായ എന്റെ മണിമലയാറിന്റെ ഭാഗമായുള്ള പുഴ പഠന യാത്ര ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല കറ്റോട് പാലത്തിനു സമീപം നിന്നാരംഭിക്കുമെന്ന് കോഓർഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി. സുബിൻ അറിയിച്ചു. എന്റെ മണിമലയാർ പദ്ധതിക്ക് പത്തനംതിട്ട ജില്ലയിലെ ആദ്യ ചുവടുവയ്പ്പാണിത്. തിരുവല്ല കവിയൂർ പഞ്ചായത്തുകളെ വേർതിരിക്കുന്നതും, മണിമലയാറിന്റെ പ്രധാന കൈവഴിയും, കറ്റോട് എത്തിച്ചേരുന്നതുമായ കവിയൂർ വലിയ തോട്ടിൽ നിന്ന് ആരംഭിക്കുന്ന കൊച്ചുതോടിന്റെ വീണ്ടെടുപ്പാണ് ഇന്നത്തെ പുഴ പഠന യാത്രയുടെ ലക്ഷ്യം. തിരുവല്ല മുനിസിപ്പാലിറ്റിയിൽ കൂടി മാത്രം കടന്നു പോകുന്ന തോട് വീണ്ടെടുത്താൽ കവിയൂർ പുഞ്ചയുടെ പകുതി പാടശേഖരങ്ങളിലേക്കും വെള്ളമെത്തിക്കാം. കൂടാതെ മാലിന്യത്തെ അകറ്റാം. ഈ തോടാണ് പുഞ്ചയുടെ വിവിധ ദിക്കുകളിലേക്ക് പോകുന്നത്.
കാൽ നൂറ്റാണ്ടായി തരിശ് കിടക്കുന്ന കവിയൂർ പുഞ്ചയിൽ ആകെ 1400 ഏക്കർ സ്ഥലമുണ്ട്. ഇതിൽ കൃഷിക്ക് യോഗ്യമായി 1300 ഏക്കർ സ്ഥലമുണ്ട്. കവിയൂർ വലിയ തോടിനെ വീണ്ടെടുക്കാൻ ഒന്നിച്ചത് അഞ്ചു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ, കവിയൂർ, കുന്നന്താനം ഗ്രാമ പഞ്ചായത്തുകൾ എന്നിവ ചേർന്ന് വകയിരുത്തിയ 43.5 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ പൂർത്തിയാവും. ഇതിനു പുറമേ തിരുവല്ല നഗരസഭ 10 ലക്ഷം രൂപ കുറ്റപ്പുഴ തോടിന്റെ വീണ്ടെടുപ്പിനായി വകയിരുത്തിയിട്ടുണ്ട്. അതിന്റെ പ്രവൃത്തി ഉടൻ തുടങ്ങും.