ശബരിമല: തുലാമാസ പൂജയ്ക്ക് നട തുറന്ന ശേഷം ഇന്നലെയും അയ്യപ്പ ദർശനത്തിന് യുവതികളെത്തിയത് പമ്പയിലും സന്നിധാനത്തും മണിക്കൂറുകളോളം ഉദ്വേഗഭരിതമായ രംഗങ്ങൾ സൃഷ്ടിച്ചു. കൊല്ലം ചാത്തന്നൂർ നെടുമ്പന സ്വദേശിയും ദളിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ 31കാരി എസ്.പി. മഞ്ജുവും സുഹൃത്തുക്കളായ രണ്ടു യുവതികളുമാണ് മല കയറാൻ ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിലെത്തിയത്. മഞ്ജു മാത്രമേ ഇരുമുടിക്കെട്ട് കരുതിയിരുന്നുള്ളൂ.
ആയിരത്തിലേറെ ആളുകൾ തമ്പടിച്ചിട്ടുള്ള സന്നിധാനത്തെ കനത്ത പ്രതിഷേധം പൊലീസ് മഞ്ജുവിനെ അറിയിച്ചു. എന്നാൽ, ദർശനം നടത്താനാണ് എത്തിയതെന്നും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്തേക്ക് പോകണമെന്നും യുവതി നിർബന്ധം പിടിച്ചു. തുടർന്ന് എെ.ജിമാരായ ശ്രീജിത്തിന്റെയും മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പമ്പ ദേവസ്വം ഗാർഡ് റൂമിൽ യോഗം ചേർന്നു. സുരക്ഷാ കവചവും ഹെൽമറ്റും ധരിച്ച് നൂറോളം പൊലീസുകാർ യാത്രയ്ക്ക് തയ്യാറായി നിന്നു. ഇതിനിടെ, ഇരുമുടിക്കെട്ടേന്തി പന്ത്രണ്ട് പ്രതിഷേധക്കാർ പല ഭാഗങ്ങളിൽ നിന്നായി ഗാർഡ് റൂമിന് മുന്നിലെത്തി അയ്യപ്പനാമം ജപിച്ചത് പൊലീസിനെ ഞെട്ടിച്ചു. അവർ സന്നിധാനത്തേക്ക് പോവുകയും ചെയ്തു.
ഏഴു കേസുകളിൽ പ്രതി
മഞ്ജുവിന്റെ പൊതുപ്രവർത്തന പശ്ചാത്തലം പൊലീസ് പരിശോധിച്ചപ്പോൾ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലെ ജീവനക്കാരനെ ചൂല് കൊണ്ട് അടിച്ചതുൾപ്പെടെ ഏഴു കേസുകളിൽ പ്രതിയാണെന്നും ആക്ടിവിസ്റ്റാണെന്നും റിപ്പോർട്ട് ലഭിച്ചു. ഇതോടെ അവരെ സന്നിധാനത്തേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം നീണ്ടു. പമ്പയിലും സന്നിധാനത്തും കനത്ത മഴ പെയ്തത് യാത്രക്കയ്ക്ക് തടസമാവുകയും ചെയ്തു. ഒരു മണിക്കൂറിലേറെ നീണ്ട ശക്തമായ മഴ ശമിച്ചപ്പോഴേക്കും വൈകിട്ട് ആറു മണിയായി. ഇനി പോയാൽ രാത്രി സന്നിധാനത്ത് തങ്ങേണ്ടി വരുമെന്നും യാത്ര ഇന്നത്തേക്ക് മാറ്റാമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, യാത്ര ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതോടെ യുവതിയെ പത്തനംതിട്ടയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു.
സന്നിധാനം നിറഞ്ഞ് പ്രതിഷേധക്കാർ
യുവതികൾ വീണ്ടും എത്തുമെന്ന സൂചനയെ തുടർന്ന് അവരെ തടയാൻ സന്നിധാനത്തും സമീപത്തെ നടപ്പന്തലിലുമായി ആയിരങ്ങൾ തമ്പടിച്ചിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും മുൻ സെക്രട്ടറി വി.വി. രാജേഷും പ്രതിഷേധക്കാർക്കൊപ്പമുണ്ട്. മിക്കവരും ഇരുമുടിക്കെട്ടുമായാണ് തങ്ങുന്നത്. തീർത്ഥാടകരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാനാകാത്തത് പൊലീസിനെ കുഴയ്ക്കുന്നു.