കോന്നി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തരുടെ അവകാശങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ വിശ്വാസത്തേക്കാൾ വലുത് ഭരണഘടനയാണെന്ന് തിരിച്ചറിയണം. ഇന്ത്യയിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ട്. സുപ്രീം കോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും കോൺഗ്രസും ശ്രമിക്കുന്നത്. ഭരണഘടനയെക്കാൾ വലുത് വിശ്വാസമാണെന്നാണ് ഇവരുടെ നിലപാട്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാദ്ധ്യസ്ഥരാണ്. ശബരിമലയുടെ പേരിൽ വർഗീയത ഇളക്കിവിട്ട് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരക്കാരുടെ ശ്രമം വിലപ്പോവില്ല. ഇത്തരം ഇരട്ടത്താപ്പു നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബി.ജെ.പി പി തുണയുള്ള യംഗ് ലോയേഴ്സ് നൽകിയ ഹർജിയെ തുടർന്നാണ് ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ റഫേൽ ഉൾപ്പടെയുള്ള വൻ അഴിമതി വിഷയങ്ങൾ ആളിക്കത്തുന്ന സമയത്താണ് ശബരിമല വിധി വന്നതെന്നതും ശ്രദ്ധേയം. മോദി സർക്കാരിന്റെ അഴിമതികൾ മൂടിവെയ്ക്കാനാണ് കേരളത്തിൽ ബി.ജെ.പി വർഗീയത ഇളക്കിവിടുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനലുകളെ രംഗത്തിറക്കിയാണ് ബി.ജെ.പി അക്രമം അഴിച്ചുവിടുന്നത്. ഇത്തരം വർഗീയതയുടെ വിത്തുകൾ കേരള മണ്ണിൽ വിലപ്പോകില്ല. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയുമെല്ലാം ഇത് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. സംഘപരിവാർ സംഘടനകളുടെ വർഗീയ ധ്രുവീകരണം ജനം തിരിച്ചറിയണമെന്നും ഇത്തരം വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന കോൺഗ്രസിന് വംശനാശം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.വി. സഞ്ജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.യു. ജനീഷ് കുമാർ, സംസ്ഥാന ട്രഷറർ പി.ബിജു, സംഘാടക സമിതി ചെയർമാൻ സി.ജി. ദിനേശ്, ജനറൽ കൺവീനർ എം. അനീഷ് കുമാർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനന്തഗോപൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ.അജയകുമാർ, ജി.സംഗേഷ്, കോമളം അനിരുദ്ധൻ, പി.ബി. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം തുടരും. 9ന് പൊതുചർച്ച, 11ന് പൂർവ്വകാല നേതൃസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ റിപ്പോർട്ട് അവതരണം, വൈകിട്ട് മൂന്നിന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.