ശബരിമല:പമ്പയിൽ നിന്ന് സന്നിധാനത്തേക്കു മലകയറിയ ആന്ധ്ര ഗുണ്ടൂർ സ്വദേശികളായ നാല് യുവതികളെ പ്രതിഷേധക്കാർ ഇന്നലെ തിരിച്ചയച്ചു. സന്നിധാനത്തിനു സമീപം നടപ്പന്തൽ, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്.
നടപ്പന്തലിൽ പ്രതിഷേധക്കാർക്കു നടുവിൽ പെട്ട നാൽപ്പത്തേഴുകാരിയായ ബാലമ്മയെ ബോധക്ഷയത്തെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലമ്മ ഡോളിയിൽ കയറിയാണ് സന്നിധാനത്തേക്കു പോയത്. ഇവർക്കു പിന്നാലെ നടന്ന് മലകയറിയ പുഷ്പലതയെ (46) മരക്കൂട്ടത്തു വച്ചു തടഞ്ഞു. തിരിച്ച് പമ്പയിലെത്തിയ പുഷ്പലതയെ പ്രതിഷേധക്കാരുടെ വലയത്തിൽ നിന്ന് പൊലീസ് രക്ഷിച്ചു കൊണ്ടുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വാസന്തിയും (42), ആദിശേഷിയും (41) മല കയറി തുടങ്ങിയപ്പോൾ ദർശനം കഴിഞ്ഞിറങ്ങിയ ഭക്തരും പ്രതിഷേധക്കാരും നിലത്തുകിടന്ന് തടഞ്ഞു. പൊലീസെത്തി ഇരുവരെയും പമ്പയിലേക്കു തിരിച്ചു കൊണ്ടുവന്നു. ദേവസ്വം ഗാർഡ് റൂമിലെത്തിച്ച ശേഷം കനത്ത സുരക്ഷയിൽ നിലയ്ക്കലിൽ എത്തിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് യുവതികളെത്തിയത്. ആന്ധ്രയിൽ നിന്നുള്ള നാൽപ്പതംഗ സംഘത്തിൽ എട്ട് സ്ത്രീകളുണ്ടായിരുന്നു. ഇവരിൽ നാല് പേർ അൻപതു വയസു കഴിഞ്ഞതാണെന്ന തിരിച്ചറിയൽ കാർഡ് പ്രതിഷേധക്കാരെ കാണിച്ചാണ് സന്നിധാനത്തേക്കു പോയത്. ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് ശബരിമലയിൽ എത്തിയതെന്നും ഇവിടുത്തെ ആചാരങ്ങൾ അറിയില്ലായിരുന്നുവെന്നും യുവതികൾ പൊലീസിനോടു പറഞ്ഞു. സ്ത്രീകൾക്ക് ആചാരപരമായ നിയന്ത്രണം ഉണ്ടെന്നറിയാതെയാണ് ഈ യുവതികൾ വന്നതെന്നും നാട്ടിലേക്ക് മടങ്ങണമെന്ന് അവർ ആവശ്യപ്പെട്ടതായും എ.ജി ശ്രീജിത്ത് പറഞ്ഞു. രാവിലത്തെ പ്രതിഷേധത്തിന് ശേഷം പമ്പയും സന്നിധാനവും വൈകിട്ട് ശാന്തമായിരുന്നു.