തെങ്ങമം: മലയാളം കാർട്ടൂണിന് നൂറ് വയസാകുകയാണ്. ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷത്തിന് 24 ന് തെങ്ങമത്ത് തുടക്കമാകും. തുവയൂർ ശിലാമ്യൂസിയത്തിന്റെയും തെങ്ങമം യു.പി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 1919 ൽ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകൻ മാസികയിലാണ് 'മഹാക്ഷാമദേവത' എന്നപേരിൽ ആദ്യകാർട്ടൂൺ പ്രസിദ്ധീകരിച്ചത്. നാട്ടിലാകെ ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ടപ്പോൾ ക്ഷാമം ഒരു ദേവതയായി വന്ന് മനുഷ്യനെ പട്ടിണിക്കിട്ട് കൊല്ലുന്നതായിരുന്നു ആശയം. പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ ആദ്യ പോക്കറ്റ് കാർട്ടൂൺ 'കിട്ടുമ്മാവൻ' പ്രസിദ്ധീകരിച്ചത് ജനയുഗത്തിലാണ്. അന്ന് ജനയുഗത്തിന്റ്രെ പത്രാധിപർ തെങ്ങമം ബാലകൃഷ്ണനായിരുന്നു. അതിനാലാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തെങ്ങമത്ത് തുടക്കമിടുന്നതെന്ന് ശിലാ മ്യൂസിയം ഡയറക്ടർ ശിലാ സന്തോഷ് പറഞ്ഞു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജനുവരിയിൽ അടൂരിൽ സെമിനാറും കാർട്ടൂണിസ്റ്റ് സംഗമവും നടക്കും.
24 ന് രാവിലെ 9 മുതൽ തെങ്ങമം യു.പി സ്‌കൂളിൽ ലോകപ്രശസ്തമായ 1000 ത്തിൽ പരം കാർട്ടൂണുകളുടെയും 100 ൽ പരം കാർട്ടൂൺ മാസികകളുടെയും പ്രദർശനം നടക്കും. ഉച്ചക്ക് 2ന് ശതാബ്ദി ആഘോഷപരിപാടികൾ അതിവേഗ പെർഫോമിംഗ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി മലയാളത്തിലെ ആദ്യ കാർട്ടൂൺ ' മഹാക്ഷാമദേവത' വരച്ച് ഉദ്ഘാടനംചെയ്യും. കാർട്ടൂണിസ്റ്റുകളായ വിനോബ്, ജോഷി ജോർജ്, മധു ഓമല്ലൂർ എന്നിവരെ ആദരിക്കും. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയൻ ബി. തെങ്ങമം അദ്ധ്യക്ഷതവഹിക്കും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി പ്രതിഭകളെ ആദരിക്കും. ജില്ലാപഞ്ചായത്തംഗം ടി.മുരകേശ്, ബ്‌ളോക്ക് പഞ്ചായത്തംഗം വിമൽ കൈതക്കൽ, പി.ശിവൻകുട്ടി, എൻ. രാമചന്ദ്രൻ നായർ, രതീഷ് സദാനന്ദൻ, എം.കെ.അരവിന്ദൻ, രാജനുണ്ണിത്താൻ, ജി.ലളിതകുമാരി, എ.ബാലചന്ദ്രൻപിള്ള എന്നിവർ പങ്കെടുക്കും.