sabarimala

ശബരിമല: പ്രളയവും സ്ത്രീപ്രവേശനമുയർത്തിയ കോലാഹലങ്ങൾക്കുമിടയിൽ ശബരിമലയിലെ നടവരവ് ഇടിഞ്ഞു. പ്രളയത്തെ തുടർന്ന് ചിങ്ങമാസപൂജയ്‌ക്കും ഒാണനാളുകളിലും ലഭിക്കേണ്ട വരുമാനം പൂർണമായും നിലച്ചു. സെപ്‌തംബറിലും (കന്നിമാസ പൂജ) ഇൗ മാസവും (തുലാമാസ പൂജ) വലിയ കുറവാണുണ്ടായത്.

2017 ആഗസ്റ്റ്, സെപ്‌തംബർ, ഒക്ടോബർ മാസത്തെ വരുമാനത്തെക്കാൾ 10 കോടിയോളം രൂപയുടെ കുറവാണുണ്ടായത്. പമ്പ, എരുമേലി ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 4.89 കോടി ലഭിച്ചപ്പോൾ ഇക്കുറി പ്രളയം കാരണം തീർത്ഥാടകർക്കെത്താനായില്ല. സെപ്‌തംബറിലെ വരുമാനം 4.45 കോടിയായിരുന്നത് ഇക്കുറി 2.10 കോടിയായി കുറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ 5.77 കോടിയായിരുന്നു വരവ്. ഇക്കുറി മൂന്ന് ദിവസം പിന്നിട്ടപ്പോൾ ലഭിച്ചത് 1.59 കോടി മാത്രമാണ്. ഇന്നലത്തെയും ഇന്നത്തെയും വരുമാനംകൂടി കൂട്ടിയാൽ ഇത് 2.75 കോടിക്കുള്ളിലൊതുങ്ങും. ഇതുവഴി തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ മൂന്ന് മാസത്തെ ശമ്പളത്തിനുള്ള പണം നഷ്ടമായെന്നാണ് വിലയിരുത്തൽ.

പ്രളയത്തെ തുടർന്നെത്താൻ കഴിയാത്തവർ തുലാമാസപൂജയ്‌ക്ക് കൂട്ടമായെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ സംഭവങ്ങൾ പ്രതീക്ഷകൾ അസ്ഥാനത്താക്കി. നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളും പൊലീസ് നടപടികളും സ്ഥിരമായി മാസപൂജയ്‌ക്കെത്തുന്നവരുടെ മലയാത്രയും തടസപ്പെടുത്തി. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിലയ്‌ക്കൽ വരെയായി ചുരുക്കിയതും ഇതര സംസ്ഥാന തീർത്ഥാടകരുടെ വരവിനെ സാരമായി ബാധിച്ചു. ചില ഹൈന്ദവ സംഘടനകളുടെ ആഹ്വാനപ്രകാരം ദർശനത്തിനെത്തുന്നവരിൽ പലരും ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാൻ വിമുഖതകാട്ടിയതും വരുമാനം കുറയാൻ കാരണമായി.