sabarimala

ശബരിമല : അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും ഒരുവർഷം പുറപ്പെടാമേൽശാന്തിമാരായി പൂജിക്കാൻ യഥാക്രമം നിയുക്തരായ വി. എൻ. വാസുദേവൻ നമ്പൂതിരിയും എം. എൻ. നാരായണൻ നമ്പൂതിരിയും ഇന്നലെ ശബരീശദർശനം നടത്തി.

നിയുക്ത മാളികപ്പുറം മേൽശാന്തി എം. എൻ. നാരായണൻ നമ്പൂതിരി ഇന്നലെ രാവിലെ 11 നും നിയുക്ത ശബരിമല മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി വൈകിട്ട് നാലിനും പമ്പയിൽ എത്തിയശേഷം ഒരുമിച്ചാണ് മലചവിട്ടിയത്. അഞ്ച് മണിയോടെ വടക്കേ നടയിലൂടെ സോപാനത്ത് പ്രവേശിച്ച് അയ്യപ്പനെയും തുടർന്ന് മാളികപ്പുറത്തമ്മയേയും വണങ്ങി. തുടർന്ന് തന്ത്രി കണ്ഠരര് രാജീവര്, ശബരിമല മേൽശാന്തി എ. വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി എന്നിവരേയും സന്ദർശിച്ച് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്. സഹോദരങ്ങൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് ഇരുവരും എത്തിയത്.

സ്ത്രീപ്രവേശന വിവാദത്തിനിടയിലാണല്ലോ ചുമതല ഏൽക്കുന്നതെന്ന് നിയുക്ത ശബരിമല മേൽശാന്തി വി. എൻ. വാസുദേവൻ നമ്പൂതിരിയോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അയ്യപ്പനാണ് എല്ലാത്തിനും ആധാരം, സീസൺ തുടങ്ങും മുൻപ് ഭഗവാൻ തന്നെ പരിഹാരം കണ്ടുകൊള്ളും എന്നായിരുന്നു മറുപടി.

മേൽശാന്തിമാരായി ചുമതലയേൽക്കാൻ നവംബർ 16 ന് ഇരുവരും ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കയറും. അന്ന് വൈകിട്ട് ഏഴിന് മേൽശാന്തിമാരായി അവരോധിക്കപ്പെടും. വൃശ്ചികം 1 ന് ഇവരാണ് നട തുറക്കുന്നത്.