കോന്നി: ശബരിമല വിശ്വാസികൾക്ക് നേരെയുള്ള സംഘപരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ശബരിമല സ്ത്രീപ്രവേശന വിധിയെ തുടർന്ന് ആർ.എസ്.എസ് നേതൃത്വത്തിൽ കോൺഗ്രസ് പിന്തുണയോടെ കേരളത്തിൽ കലാപ ശ്രമങ്ങളും വിശ്വാസികൾക്ക് നേരെ അക്രമങ്ങളും തുടരുകയാണ്. 2006 മുതൽ നടക്കുന്ന കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ ആർ.എസ്.എസിന്റെ അദൃശ്യസാന്നിദ്ധ്യം പ്രകടമാകും. വിധി പ്രസ്താവിച്ച ഘട്ടത്തിൽ ആർ.എസ്.എസ് ദേശീയ നേതൃത്വവും കോൺഗ്രസും സ്വീകരിച്ച നിലപാട് സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് സ്ത്രീകളെ ആട്ടിപ്പായിക്കാൻ നടക്കുന്ന വിവേചനപരമായ എല്ലാ നീക്കങ്ങളെയും ശക്തമായി എതിർത്ത പാരമ്പര്യം ഇടതുപക്ഷത്തിന്റെതാണ്. ഭരണഘടനയ്ക്കും അതീതമാണ് ആചാരങ്ങൾ എന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്, സംഘപരിവാർ നേതൃത്വത്തിൽ കേരളത്തിനെ കലാപഭൂമി ആക്കുന്നതിന് പരിശ്രമിക്കുന്നു. ലോകത്തിന് അഭിമാനമായ മതേതര നിലപാടുകളെ തകർക്കുന്നതിന് നവോത്ഥാനമൂല്യങ്ങളെ കടപുഴക്കി എറിയുന്നതിന് ആർ.എസ്.എസ് കോടതിവിധിയെ ഉപയോഗിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ഈ പിന്തിരിപ്പൻ ആശയത്തിനൊപ്പം ചേർന്നു ആർ.എസ്.എസിന് കായികബലം സ്‌പോൺസർ ചെയ്യുന്നു. സ്വയം വിശ്വാസികളുടെ വേഷംധരിച്ച് കേരളത്തെ തകർത്ത് വർഗീയ അജണ്ടകൾക്ക് വിളനിലമാക്കി കേരളത്തെ മാ​റ്റുവാനുള്ള സംഘപരിവാർ കുടില ശ്രമങ്ങൾക്കെതിരെയും വിശ്വാസികൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെയും പുരോഗമന കേരളം അണിനിരക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.