പന്തളം: ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരം കണക്കിലെടുത്ത് നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ തയാറാവണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല പറഞ്ഞു. പന്തളത്ത് ശബരിമല കർമ്മസമിതി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഒരു ആചാരം പൊളിച്ചെഴുതുമ്പോൾ അതുമായി ബന്ധപ്പെട്ടവരോടു ഇതേ കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ ധൃതിയിൽ വിധി നടപ്പിലാക്കാൻ കിട്ടിയ വൃഗ്യതയ്ക്കു പിന്നിൽ ഹിന്ദുക്കളുടെ വിശ്വാസം തകർക്കുക മാത്രമാണ് സി പി എം ലക്ഷ്യം. സ്വയംഭരണാധികാരമുള്ള ദേവസ്വം ബോർഡ് പോലും ചെറുവിരൽ അനക്കുന്നില്ല ഭക്തരോടൊപ്പാണ് എന്ന് നിത്യവും പറയുന്നതല്ലാതെ അതു തെളിയിക്കാൻ സ്വയംഭരണാധികാരം ഉപയോഗിച്ചു വിധി നടപ്പാക്കില്ലെന്നു തന്റെടത്തോടെ പറയാൻ ദേവസ്വം ബോർഡ് പ്രസിഡന്റ തയ്യാറാകണമെന്നും കെ പി ശശികല പറഞ്ഞു. ശബരിമല കർമ്മിതിയുടെ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ആർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രാജപ്രതിനിധി രേവതി തിരുനാൾ രാഘവവർമ്മരാജയും ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് ആമുഖഭാഷണം നടത്തി. ആർ.എസ്.എസ് ജില്ലാ സംഘചാലക് അഡ്വ.പി.കെ രാമചന്ദ്രൻ, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കെ.ആർ കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ശബരിമല കർമ്മസമിതി ജില്ലാ സംയോജകൻ ബി.സുരേഷ് സ്വാഗതവും വി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.