sabarimala

ശബരിമല : സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികളെ തടഞ്ഞുള്ള പ്രതിഷേധങ്ങൾക്കും നാമജപ ഘോഷങ്ങൾക്കും തത്കാലം വിരാമമിട്ട് ശബരിമല ക്ഷേത്രം തിങ്കളാഴ്‌ച രാത്രി 10 മണിയോടെ അടച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കാത്തുനിന്ന സംഘപരിവാർ പ്രവർത്തകരും മലയിറങ്ങി. നവംബർ 17നാണ് മണ്ഡലകാലാരംഭം.

യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പൊലീസിനെ നിയോഗിച്ചെന്ന് ഇന്നലെ അഭ്യൂഹം പരന്നിരുന്നു. ശക്തമായ ചെറുത്തുനില്പ് വേണ്ടിവരുമെന്ന പ്രചാരണവും ഉണ്ടായതോടെ തടയാനായി ശരണപാതയിൽ പ്രതിഷേധക്കാർ നിലകൊണ്ടു. ഇതിനിടെ കോഴിക്കോട് സ്വദേശി ബിന്ദു എന്ന യുവതി സന്നിധാനത്ത് എത്താൻ പൊലീസിന്റെ സഹായം തേടിയത് പിരിമുറുക്കത്തിന് ആക്കം കൂട്ടി. വേഷംമാറി യുവതികൾ എത്തുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും വ്യാജ വാർത്ത പ്രചരിച്ചതും സന്നിധാനത്തെ ആശങ്കയിലാക്കി. ഐ.ജി ശ്രീജിത്ത് സന്നിധാനത്ത് തങ്ങിയിരുന്നു.

വൈകിട്ട് 5ന് ക്ഷേത്രനട തുറക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ശക്തമായ മഴ പെയ്തു. അഞ്ച് മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ലെന്ന പൊലീസിന്റെ തീരുമാനം കൂടി വന്നതോടെ അന്തരീക്ഷം തണുത്തു. പരിഹാര ക്രിയകളുടെ ഭാഗമായി പന്തളം കൊട്ടാരം വക പൂജ കൊട്ടാര നിർവാഹക സമിതി ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ചടങ്ങുകൾ പൂർത്തിയാക്കി അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യിലാക്കി ജപമാലയും യോഗദണ്ഡും അണിയിച്ചു. തുടർന്ന് ഹരിവരാസനം ചൊല്ലി നടയടച്ചതോടെ ഭക്തർക്കൊപ്പം സംഘർഷവും മലയിറങ്ങി.