കോന്നി: കോൺഗ്രസിലെ തമ്മിലടിയെ തുടർന്ന് ഡി .സി .സി ജനറൽ സെക്രട്ടറി പ്രസിഡന്റായ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഏകപക്ഷീയമായി കോൺഗ്രസിന് ഭൂരിപക്ഷമുള്ള ഇളകൊള്ളൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ ആണ് കോന്നി അസിസ്​റ്റന്റ് രജിസ്ട്രാർ പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേ​റ്റീവ് ഭരണം ഏർപ്പെടുത്തിയത്. ബാങ്കിലെ സെയിൽസ്മാൻ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളാന്ന് പിരിച്ചുവിടലിൽ എത്തിച്ചത്. ഡയറക്ട് ബോർഡിലെ 11 അംഗങ്ങളും കോൺഗ്രസുകാരാണ്. ബ്ലോക്ക് ജനറൽ സെക്രട്ടറി സജി വെള്ളപ്പാറയുടെ മകൻ സഞ്ജേഷ് സജിയ്ക്ക് സെയിൽസ്മാൻ തസ്തികയിൽ നിയമനം നൽകണമെന്ന് ഭരണസമിതിയംഗം ജോസ് .വി .ജോർജ് ആവശ്യപ്പെട്ടതോടെയാണ് ഏഴ് അംഗങ്ങൾ പ്രസിഡന്റ് എം.എസ്.പ്രകാശിനിനെതിരാകുന്നത്.പരീക്ഷയും, ഇന്റർവ്യൂവും നടത്തുകയും റാങ്ക് ലിസ്​റ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. ലിസ്​റ്റ് പ്രകാരം 16 മാർക്ക് കൂടുതൽ നേടിയ മനോജ് ഇളകൊള്ളൂരിന്റെ ഭാര്യ കെ.എം.മായയ്ക്ക് നിയമന ഉത്തരവ് നൽകുകയും ചെയ്തു. ഇതേ തുടർന്ന് മറുപക്ഷം അസിസ്റ്റന്റ് രജിസ്ട്രാർക്ക് രാജിക്കത്ത് നൽകുകയും കോറം തികയാത്തതിനാൽ ബോർഡ് പിരിച്ചുവിടുകയുമായിരുന്നു. അടുത്ത ജനുവരി 12 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിരിച്ചുവിടൽ.