പത്തനംതിട്ട : നാല് ഇനങ്ങളിൽ മത്സരം നടക്കാനിരിക്കെ ജില്ലാ സ്‌കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ മുന്നിൽ.90 പോയിന്റ് നേടിയാണ് ഇരവിപേരൂർ പത്താം തവണയും മുന്നിലെത്തുന്നത്. പുല്ലാട് ഉപ ജില്ലയാണ് കൂടുതൽ പോയിന്റുകളുമായി മുന്നിൽ നിൽക്കുന്നത്. തിരുവല്ല, വെണ്ണിക്കുളം ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ സ്വർണമെഡൽ നേടിയ ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അനന്തു വിജയൻ 400, 800 മിറ്റർ ഓട്ടത്തിലും 400മീറ്റർ ഹർഡിൽസിലും സീനിയർ ആൺകുട്ടികളിൽ ഒന്നാം സ്ഥാനം നേടി. സിനിയർ പെൺകുട്ടികളിൽ ഇതേ സ്‌കൂളിലെ ശ്രീലക്ഷ്മി 1500, 800, 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളിൽ ആദിത്യൻ സി ബിനു ലോംഗ് ജംമ്പിലും ട്രിപ്പിൾ ജംമ്പിലും ഒന്നാമതെത്തി.
മഴ കാരണം മത്സരം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അവശേഷിക്കുന്ന നാലിനങ്ങൾ ഇന്ന് നടക്കും. ഇനിയും പൂർത്തീകരിക്കാനുള്ളത് സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 400 മീറ്റർ ഹർഡിൽസും ജാവലിൻ ത്രോയിൽ സീനിയർ ആൺകുട്ടികളുടെയും ജൂനിയർ പെൺകുട്ടികളുടെയും മത്സരങ്ങളുമാണ്.
കാലവർഷ കെടുതി കാരണം ഇത്തവണ ചാമ്പ്യൻഷിപ്പുകൾ ഉപേക്ഷിച്ചിരുന്നു.
ഓരോ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായവർ സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ പോകുന്നതിന് 25ന് പകൽ രണ്ടിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തണമെന്ന് റവന്യൂ ജില്ലാ സെക്രട്ടറി അനിൽകുമാർ അറിയിച്ചു.