പത്തനംതിട്ട : രാഷ്ട്രീയ വടംവലിക്ക് ഇരയായി ജില്ലാ സ്റ്റേഡിയം തകർന്നടിയുമ്പോൾ പുതിയ തലമുറയുടെ കായിക സ്വപ്നങ്ങൾക്കാണ് മങ്ങലേൽക്കുന്നത്. കിഫ്ബി മുഖേന 50 കോടി രൂപയുടെ പദ്ധതി സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കിയെങ്കിലും ഉടമസ്ഥാവകാശത്തെ ചൊല്ലി നഗരസഭ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ധാരണാപത്രത്തിൽ ഒപ്പിടുന്നതിനെച്ചൊല്ലി ഭരണ - പ്രതിപക്ഷ അംഗങ്ങൾ നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കമുണ്ടായി. ഇന്നലെ അവസാനിച്ച റവന്യു ജില്ലാ കായികമേളയിൽ ട്രാക്കില്ലാത്തതിനാൽ ഹ്രസ്വദൂര ഓട്ട മത്സരങ്ങൾ നടത്താൻ ഏറെ ബുദ്ധിമുട്ടി. അത് ലറ്റിക് മത്സരങ്ങൾ പലതും സ്റ്റേഡിയത്തിന്റെ തകർച്ച മൂലം ഏറെ ആയാസകരമായാണ് നടന്നത്. ഇന്നലെ നടന്ന ‌‌ജില്ലാ അത് ലറ്റിക് ഫെഡറേഷൻ മീറ്റിലും ഇതായിരുന്നു അവസ്ഥ. തിരുവല്ല കോച്ചിംഗ് സെന്ററിൽ നിന്ന് മത്സരിക്കാനെത്തിയ ലിന്റു ബിനോയി ജോർജ് എന്ന അണ്ടർ 16 താരം സഹതാരങ്ങളുമായി കൂട്ടിയിടിച്ച് വീണു. സാരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നഷകി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ സ്കൂൾ കായിക മേളയിൽ 100,200,400 മീറ്റർ മത്സരങ്ങളിലും ഫെഡറേഷൻ മീറ്റിൽ 200 മീറ്ററിലും ലിന്റു ഒന്നാം സ്ഥാനം നേടിയിരുന്നു. ദേശീയ ഓപ്പൺ മീറ്റിലും പൈക മീറ്റിലും കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പരിക്കേറ്റത് കാരണം ഇത്തവണത്തെ സംസ്ഥാന മത്സരങ്ങൾ ലിന്റുവിന് നഷ്ടമാകും.