റാന്നി : കൊല്ലമുളയിൽനിന്നും കാണാതായ ജെസ്ന മറിയം ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ പേരിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. ജെസ്നയുടെ തിരോധാനം സി.ബി.ഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി റാന്നി ഇട്ടിയപ്പാറ ജംഗ്ഷനിൽ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പൊലീസിന്റെമേൽ കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്നതിനാൽ പല കേസുകളും തെളിയിക്കപ്പെടാതെ പോകുകയാണ്. ജെസ്നയുടെ തിരോധാനത്തെകുറിച്ചുള്ള അന്വേഷണത്തിൽ സംസ്ഥാന പൊലീസ് പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ എത്രയും വേഗം സി.ബി.ഐയെ ഏൽപ്പിക്കുവാൻ സർക്കാർ തീരുമാനമെടുക്കണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ റിങ്കു ചെറിയാൻ, ടി.കെ. സാജു, കെ.കെ.റോയിസൺ, എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സതീഷ് പണിക്കർ, എം.ജി. കണ്ണൻ, സജി കൊട്ടയ്ക്കാട്, സജി ചാക്കോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ മണിയാർ രാധാകൃഷ്ണൻ, പ്രകാശ് കുമാർ ചരളേൽ, സേവാദൾ ഇൻസ്ട്രക്ട്ടർ ബെന്നി പുത്തൻപറമ്പിൽ, മണ്ഡലം പ്രസിഡന്റ് എ.ജി. ആനന്ദൻ എന്നിവർ സംസാരിച്ചു.