പത്തനംതിട്ട : സാധാരണ പൗരൻമാർ നൽകുന്ന അപേക്ഷകളിൽ വ്യക്തവും നിയമാനുസൃതവുമായ മറുപടി നൽകുന്നതിന് പകരം മുകളിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ആലോചിക്കാം എന്ന് പറയുന്നത് ജനാധിപത്യസംവിധാനത്തിൽ ഉചിതമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ.
സ്ഥിരവരുമാനമില്ലാത്ത മകനും വിദേശത്തുണ്ടായ അപകടത്തിൽ ശയ്യാവലംബിയായ ഭർത്താവുമുള്ള വീട്ടമ്മയുടെ റേഷൻകാർഡ് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് റാന്നി താലൂക്ക് സപ്ലൈ ഓഫീസറെ കമ്മിഷൻ വിമർശിച്ചത്.
ഇത്തരത്തിൽ മറുപടി നൽകിയ റാന്നി താലൂക്ക് സപ്ലൈ ഓഫീസറോട് ഒക്ടോബർ 26 ന് പത്തനംതിട്ട ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനും കമ്മിഷൻ നിർദ്ദേശിച്ചു.
റാന്നി ഇടപ്പാവൂർ ലക്ഷ്മി സദനത്തിൽ ശശികലാകുമാരിയുടെ പരാതിയിലാണ് നടപടി. പൊതുവിഭാഗത്തിലുള്ള കാർഡ് മുൻഗണനാവിഭാഗത്തിലാക്കി നൽകണം എന്നാണ് പരാതിക്കാരിയുടെ ആവശ്യം.
റാന്നി താലൂക്ക് സപ്ലൈ ഓഫീസറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരിക്ക് 30,000 രൂപയിൽ കൂടുതൽ വരുമാനമുണ്ടെന്നും കാർഡിൽ തിരുത്തൽ വരുത്തുന്നതിന് വേണ്ട അനുമതി ലഭിക്കുന്ന മുറക്ക് വരുമാനം തിരുത്തി കാർഡ് മുൻഗണനാ പട്ടികയിൽ പെടുത്താൻ നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തങ്ങൾക്ക് 30,000 രൂപ വരുമാനമില്ലെന്നും 10 സെന്റ് വസ്തു മാത്രമാണുള്ളതെന്നും വീട് ഷീറ്റിട്ടതാണെന്നും പരാതിക്കാരി കമ്മിഷനെ അറിയിച്ചു.
തങ്ങളുടെ വീട്ടിൽ പരിശോധന നടത്താതെയാണ് സപ്ലൈ ഓഫീസർ റിപ്പോർട്ട് നൽകിയതെന്നും പരാതിക്കാരി വിശദീകരണം നൽകി.
പരാതിക്കാരിയുടെ വാദം ശരിയാണോ എന്ന് പരിശോധിക്കാതെയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടാതെയും സപ്ലൈ ഓഫീസർ കമ്മിഷനിൽ മറുപടി നൽകിയത് ശരിയായില്ലെന്നും കമ്മിഷൻ ഉത്തരവിൽ നിരീക്ഷിച്ചു. സപ്ലൈ ഓഫീസറുടെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കണ്ട് നിരസിച്ചു.
പരാതിക്കാരിയുടെ അപേക്ഷയിൽ താലൂക്ക് സപ്ലൈ ഓഫീസർ സ്വീകരിച്ച മുഴുവൻ നടപടികളും വിശദമായ മറുപടി സഹിതം ഒക്ടോബർ 26 ന് നടക്കുന്ന സിറ്റിംഗിൽ കമ്മിഷനെ ബോദ്ധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറഞ്ഞു. ജില്ലാ സപ്ലെ ഓഫീസർക്കാണ് ഉത്തരവ് നൽകിയത്.