കോന്നി : വില കേട്ടാൽ ചുട്ട കോഴി വരെ പറക്കും. അത്രയ്ക്ക് വില വർദ്ധനവാണ് ഇറച്ചിക്കോഴിക്ക്. ഓരോ ദിവസവും വില ഉയരുകയാണ്. മുൻ വർഷങ്ങളിൽ ഇതേ സമയം 100 രൂപയിൽ താഴെ ആയിരുന്ന ഒരു കിലോഗ്രാം ചിക്കന്റെ വില ഇന്നലെ 150ൽ എത്തി. കഴിഞ്ഞ ഒരാഴ്ചയായി 90 - 110 എന്ന നിലയിൽ ചാഞ്ചാടിയ വിലയാണ് ഇന്നലെ ഒറ്റയടിക്ക് 150 ൽ എത്തിയത്. ഇന്നലെ മാത്രം 45 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. സാധാരണ രീതിയിൽ ഈ സമയം കോഴിയുടെ ഡിമാന്റ് കുറയുകയും വിലയിടിവ് സംഭവിക്കുകയുമാണ് പതിവ്.
സമീപകാല റെക്കാഡ് വില
ക്രിസ്മസ്, ഈസ്റ്റർ, റംസാൻ,ബക്രീദ് തുടങ്ങിയ ആഘോഷ സമയങ്ങളിൽ കോഴിയുടെ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ സമയത്ത് വില കുത്തിച്ചുയരുന്നത് ആദ്യമായാണ്. അടുത്തിടെ ചിക്കന്റെ വിലയിലുണ്ടായിരുന്ന സർവ്വകാല റെക്കാഡാണ് ഇപ്പോഴത്തേത്. പെരുന്നാൾ സമയങ്ങളിൽ പോലും 140 രൂപ വരെയായിരുന്നു ഒരു കിലോ ചിക്കന്റെ വില. വർഷങ്ങൾക്ക് മുമ്പ് കാള, പോത്ത്, പശു എന്നീ മൃഗങ്ങളിൽ ആന്ധ്രാക്സ് പോലെയുള്ള മാരക രോഗങ്ങൾ ഉണ്ടായപ്പോഴാണ് കോഴി വില സർവ്വകാല റെക്കാഡിലെത്തിയത്. ഇറച്ചിക്ക് ക്ഷാമം നേരിട്ടപ്പോൾ കോഴി വില 180 വരെ എത്തിയിരുന്നു. എന്നാൽ മറ്റ് ഇറച്ചികൾ സുലഫമായി ലഭ്യമാകുമ്പോഴാണ് കോഴി വില 150 ൽ എത്തി നിൽക്കുന്നതെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കോഴിയുടെ വരവ് കുറഞ്ഞു
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപരികൾ പറയുന്നത്. ചെക്കുപോസ്റ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതും അധിക നികുതി ഏർപ്പെടുത്തുകയും ചെയ്തതോടെ ഇറച്ചിക്കോഴികളുടെ വരവിൽ ഭാഗികമായ കുറവുണ്ടായി. ഇത്തരത്തിൽ നിയന്ത്രണം വന്നതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഇറച്ചിക്കോഴികളുടെ ഡിമാന്റും വർദ്ധിച്ചു. ഇതാണ് ഇപ്പോഴത്തെ വില വർദ്ധനവിന് പ്രധാന കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കൃത്രിമ ക്ഷാമമെന്ന് പരാതി
ജില്ലയിലെ ചില കുത്തക വ്യാപാരികൾ കൃത്രിമക്ഷാമം സൃഷ്ടിച്ച് ഉപഭോക്താക്കളുടെ കഴുത്തറക്കുകയാണെന്ന പരാതി ഉയർന്നിട്ടുണ്ട്. ജില്ലയിലെ ഇറച്ചിക്കോഴികളുടെ വ്യാപാരം ചില കുത്തകകളുടെ കൈകളിലാണ്. ഇവരാണ് ചിക്കന്റെ വില നിശ്ചയിക്കുന്നത്. ഇതരസംസ്ഥാന മാഫികളെ സഹായിക്കാനാണ് ഇവർ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഉപഭോക്താക്കളുടെ കഴുത്തറക്കുന്ന വിലയുമായി ചിക്കൻ വ്യാപാരികൾ മാർക്കറ്റുകൾ കീഴക്കുമ്പോൾ ജില്ലാ ഭരണകൂടവും മറ്റ് ബന്ധപ്പെട്ട വകുപ്പ് അധികാരികളും നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.