പത്തനംതിട്ട: ക്രഷർ ഉത്പന്നങ്ങൾക്ക് അനധികൃതമായി വില വർദ്ധിപ്പിച്ചതിനെതിരെ കരാറുകാർ സമരത്തിലേക്ക്. ശബരിമല റോഡുപണികൾ അടക്കം തടസപ്പെടുമെന്ന് ഗവൺമെന്റ് കരാറുകാരുടെ വിവിധ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
ക്രഷർ ഉത്പന്നങ്ങളുടെ വിലവർദ്ധനയ്‌ക്കെതിരെ നവംബർ ഒന്നുമുതൽ ജോലികൾ നിർത്തിവയ്ക്കാനാണ് കരാറുകാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ക്രഷർ, ക്വാറികൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. എന്നാൽ സമീപ ജില്ലകളിൽ നിന്നു വ്യത്യസ്തമായി വൻവിലയാണ് ജില്ലയിൽ ഈടാക്കുന്നതെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. യാതൊരു മുന്നറിയിപ്പോ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോ കൂടാതെയാണ് കഴിഞ്ഞ ദിവസം വില വർദ്ധിപ്പിച്ചത്.
>>
വില വർദ്ധന ഇങ്ങനെ
ഒരു അടി മെറ്റലിന് 28 രൂപയിൽ നിന്ന് 40 രൂപയിലെത്തി. എം സാൻഡിന് 52 രൂപയിൽ നിന്ന് 62 രൂപയായി. തേപ്പുമണലിന്റെ വില 72 രൂപയായി. ഇതോടൊപ്പം വാഹനവാടക കൂടി ഈടാക്കിയാണ് പണിസ്ഥലങ്ങളിൽ സാധനം ഇറക്കുന്നത്. കല്ല് വില ലോഡിന് 7500 രൂപയായി. ഇത് വലിയ ടിപ്പറിൽ 10,000 രൂപയും ടോറസ് ലോറികളിൽ 18000 രൂപയും ആകുന്നുണ്ട്. ഒരു അടി മെറ്റലിന്റെ ഉത്പാദനച്ചെലവ് 10 രൂപയിൽ താഴെയാണ്. 2019 മാർച്ച് വരെ ക്രഷർ ഉത്പന്നങ്ങളുടെ വിലയിൽ വർദ്ധന പാടില്ലെന്ന തീരുമാനം നിലനിൽക്കവേയാണ് ഒരു വിഭാഗം ക്രഷർ ഉടമകൾ വിലകൾ വർദ്ധിപ്പിച്ചതെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. നിലവിലുള്ള വിലയിൽ പോലും പണികൾ പൂർത്തീകരിക്കാനാകാത്ത സാഹചര്യമാണ് കരാർ മേഖലയിലുള്ളത്. ടാറിനും വൻ വിലയാണ്. 160 കിലോഗ്രാമിന്റെ ഒരു ബാരലിന് 7500 രൂപ നൽകണം.
>>>
കരാറുകാർ പണി നിറുത്തി
പിടിച്ചുനിൽക്കാനാകാതെയും നിലവിലുള്ള സാഹചര്യത്തിലും പണികൾ തുടർന്നുപോകാനാകാതെ കരാറുകാരിൽ ഏറെപ്പേരും രംഗംവിടുകയാണ്. ഇതോടെ ശബരിമല ജോലികൾ അടക്കം തടസപ്പെട്ടിരുന്നു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 110 ജോലികൾക്ക് പൊതുമരാമത്ത് വകുപ്പ് ഇ ടെൻഡർ വിളിച്ചിരുന്നു. ഇ ടെൻഡറിലും ടെൻഡറിലും പങ്കെടുക്കാൻ ആരുമുണ്ടായില്ല. തുടർന്ന് കരാറുകാരെ വിളിച്ച് എഗ്രിമെന്റ് വയ്പിച്ച് പണികൾ നടത്തുകയാണ്. മൂന്ന് ജോലികൾ മാത്രമാണ് ഇതേവരെ ആരംഭിച്ചിട്ടുള്ളത്. 68 ജോലികൾ ഇനിയും എഗ്രിമെന്റ് വയ്ക്കാനുണ്ട്. ക്രഷറുകാരുടെ നിലപാട് അനുകൂലമാകുന്നില്ലെങ്കിൽ പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാകില്ലെന്ന് കരാറുകാർ പറഞ്ഞു. തീർത്ഥാടനകാലം മുന്നിൽക്കണ്ടാണ് വില വർദ്ധന നടത്തിയിരിക്കുന്നത്. സമ്മർദതന്ത്രമായി എല്ലാവർഷവും ഇത്തരത്തിൽ വില വർദ്ധയുണ്ടാകാറുണ്ടെന്നും കരാറുകാർ ചൂണ്ടിക്കാട്ടി.
കേരള കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളായ കെ.ആർ. കൃഷ്ണകുമാർ, കെ.ജി. വിൽസൺ, കേരള കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.അജി കുമാർ, ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ജോർജ് സൈബു, ജോസ് കലഞ്ഞൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.