പത്തനംതിട്ട: പുതിയകാവ് – കുഴിപ്പന്നിപടി തേക്കുങ്കൽ റോഡ് നവീകരണത്തിന് 11 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു. എകദേശം മൂന്ന് കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് റീടാറിംഗ് നടത്തിയാണ് ഗതാഗതയോഗ്യമാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശ പ്രകാരമാണ് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ചത്. 2018​-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപടി അയിരൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന വളരെ പഴക്കം ചെന്ന റോഡുകളിലൊന്നാണിത്. റാന്നി ചെറുകോൽപുഴ റോഡിൽ കുഴിപ്പന്നിൽപടിയിൽ നിന്നാരംഭിച്ച് മാതാപ്പാറ പ്ലാങ്കമൺ റോഡിൽ തേക്കുങ്കൽ ജംഗ്ഷനിലാണ് അവസാനിക്കുന്നത്. ജനവാസമേറിയ ചിറപ്പുറം ഭാഗത്തുകൂടിയാണ് ഇത് കടന്നു പോകുന്നത്. നൂറുകണക്കിനാളുകൾ ദിനംപ്രതി എത്തിച്ചേരുന്ന തേക്കുങ്കൽ മൃഗാശുപത്രി, ചിറപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗമാണിത്. രണ്ട് അംഗൻവാടികളും, എൽ.പി. സ്‌കൂളും റോഡിന് സമീപത്തുണ്ട്. ധാരാളം വീടുകളുള്ള മൂക്കന്നൂർ തുണ്ടുപുരയിടം കോളനി, ചിറപ്പുറം കുന്നുകുഴി കോളനി നിവാസികൾക്ക് മുഖ്യ ആശ്രയംകൂടിയാണിത്. റോഡ് സഞ്ചാര യോഗ്യമാക്കുന്നതോടെ പ്രദേശത്തെ 600 ൽ പരം കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അയിരൂർ ജില്ലാ ആയുർവേദാശുപത്രിയിൽ എത്തുന്നതിനും സൗകര്യപ്രദമാണ് . പ്രളയക്കെടുതിയ്ക്കു ശേഷം റോഡ് നന്നാക്കി ലഭിക്കുന്ന ആശ്വാസത്തിലാണ് നാട്ടുകാർ. ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു.