-sabarimala-womens-entry

പത്തനംതിട്ട:ശബരിമലയിലെ വരുമാനത്തിൽ കണ്ണുനട്ട് ഇരിക്കുന്നവരല്ല പന്തളം കൊട്ടാരമെന്ന് നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ്മ, സെക്രട്ടറി പി.എൻ.നാരായണവർമ്മ എന്നിവർ പറഞ്ഞു.ആ ലക്ഷ്യമുള്ളവർ ഉണ്ടാകുമെന്നും ക്ഷേത്രത്തിൽ പന്തളം രാജകുടുംബത്തിന്റെ അവകാശങ്ങളെ കുറിച്ച് നടക്കുന്ന തർക്കത്തിന് തങ്ങളില്ലെന്നും അവർ പറഞ്ഞു. നീതിപീഠം അംഗീകരിച്ചതാണ് തന്ത്രിയുടെ പരമാധികാരം. അതിന്റെ അടിസ്ഥാനത്തിലാണ് ആചാരത്തിൽ പിഴവ് സംഭവിച്ചാൽ നട അടച്ച് ശുദ്ധിക്രിയകൾക്ക് ശേഷം തുറന്നാൽ മതിയെന്ന് നിർദ്ദേശിച്ചത്.

ദേവസ്വംബോർഡ് ഉടമയല്ല

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഉടമസ്ഥരല്ല ദേവസ്വം ബോർഡ്​. ക്ഷേത്രത്തിന്റെ ട്രസ്റ്റി എന്ന സ്ഥാനം മാത്രമാണ് ബോർഡിനുള്ളത്. ആ ചുമതല ബോർഡ് കൃത്യമായി നിർവഹിക്കാത്തതിനാലാണ് പരാതി പറയേണ്ടി വന്നത്. മറ്റ് മതങ്ങളുടെ ആരാധനാ സമ്പ്രദായങ്ങളിൽ ഇടപെടാത്ത സർക്കാർ ഹൈന്ദവ വിശ്വാ​സങ്ങളെയും തന്ത്രിമാരെയും അവഹേളിക്കുന്നത് ശരിയല്ല. ആരോപണ വിധേയരായ പുരോഹിതരെ സംരക്ഷിക്കുന്നതിന്റെ കാരണങ്ങൾ സംശയകരമാണ്. 18 മലകളുടെയും കാവൽക്കാരായ മലയരയന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന കേസിൽ തങ്ങൾ കക്ഷി ചേർന്നിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

കൊട്ടാരത്തിന്റെ അവകാശവാദം

1949ലെ കവനന്റ് പ്രകാരം കൊട്ടാരത്തിന് ശബരിമലയിൽ അവകാശങ്ങളുണ്ട്. പന്തളം രാജകുടുംബം (അയിരൂർ സ്വരൂപം ) എ.ഡി 1794ൽ അടമാനം പ്രകാരം 2,21,000 രൂപ കടം വാങ്ങിയിരുന്നു. ഭൂസ്വത്തുക്കൾ പണയപ്പെടുത്തിയായിരുന്നു ഇത്. ഈ കടം രാജവംശത്തിന്റെ നിത്യ ചെലവുകൾക്കോ സ്വകാര്യ ആവശ്യങ്ങൾക്കോ ആയിരുന്നില്ല. തിരുവിതാംകൂർ സർക്കാരിന് പടച്ചെലവിനായിരുന്നു. 1812ൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉപദേശ പ്രകാരം ക്ഷേത്രങ്ങളും അവയുടെ സ്വത്തും തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു.1820ലെ നിനവ് പ്രകാരം ഭൂപ്രദേശങ്ങളും ആദായങ്ങളും കൂടാതെ രാജകുടുംബത്തിന് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നതായി നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമ പറഞ്ഞു. രാജഭരണം മാറിയെങ്കിലും കൊട്ടാരത്തിനുള്ള അവകാശങ്ങൾ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ആചാരപരമായ അവകാശങ്ങൾ നിലനിർത്തിയാണ് തിരുവിതാംകൂർ സർക്കാർ ഭരിച്ചിരുന്നത്. ദേവസ്വം വിളംബരം സംബന്ധിച്ച തിരുവിതാംകൂർ നിയമനിർമ്മാണ സഭയിലെ നടപടികളും അനുബന്ധ കമ്മിഷൻ റിപ്പോർട്ടുകളും പരിശോധിച്ചാൽ ഇതൊക്കെയും വ്യക്തമാകും. 1949ലെ കവനന്റ് പ്രകാരം ശബരിമല ക്ഷേത്രത്തിന്റെ അവകാശം കൊട്ടാരത്തിനാണ്. ദേവസ്വം ബോർഡിന് ട്രസ്റ്റി അധികാരം മാത്രമേയുള്ളൂ.