പുല്ലാട് : പുല്ലാട് ബി.ആർ.സിയും കുന്നന്താനം സെന്റ് മേരീസ് ഗവ. ഹൈസ്‌കൂളും സംയുക്തമായി നടത്തുന്ന ഭിന്നശേഷിക്കാരുടെ പ്രളയാനന്തര അതിജീവന തൊഴിൽ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർ നിർമ്മിച്ച നക്ഷത്രങ്ങളുടെ ആദ്യവില്പന കോയിപ്രം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജികുമാറും കോയിപ്രം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി.അനിൽകുമാറും നിർവഹിച്ചു. നക്ഷത്രങ്ങൾ കൂടാതെ കുട, ഡിറ്റർജന്റുകൾ, സോപ്പ് ഓയിൽ, അച്ചാറുകൾ, ജാം എന്നിവ ഉണ്ടാക്കുന്നതിനുളള പരിശീലനം ബി.ആർ.സി നൽകും.സാമ്പത്തിക സഹായം കുന്നന്താനം സെന്റ് മേരീസ് ഗവ.ഹൈസ്‌കൂൾ നൽകും. പ്രവർത്തനങ്ങൾക്ക് ബി.പി.ഒ ഷാജി.എ.സലാം, സ്‌പെഷ്യൽ ടീച്ചർ ഗിരിജ.ടി, അദ്ധ്യാപകൻ മെൽവിൻ എന്നിവർ നേതൃത്വം നൽകി.