sabarimala-wome-entry

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ 452 കേസുകളിലായി 2061 പേർ അറസ്റ്റിലായി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരു‌ടെ യോഗത്തിൽ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് അറസ്റ്റ്. പത്തനംതിട്ട ജില്ലയിൽ മാത്രം ഇന്നലെ വരെ 58 കേസുകളിൽ 153 പേർ അറസ്റ്റിലായി. ഇതിൽ 56 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാൻഡ് ചെയ്തു. തുലാമാസ പൂജയ്ക്ക് നട തുറന്ന ദിവസം മുതലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്. അക്രമികളെ കഴിഞ്ഞ ദിവസങ്ങളിലും ഇന്ന് പുലർച്ചയെുമായി വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവരിൽ ആയിരത്തി അഞ്ഞൂറോളം പേരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. എന്നാൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്‌റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

17ന് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 18 പേർ റിമാൻഡിലായി. ഇവരെ റാന്നി കോടതിയാണ് റിമാൻഡ് ചെയ്തത്. മൊത്തം 74 പേരെ കഴിഞ്ഞ ദിവസം മാത്രം റിമാൻ‌ഡ് ചെയ്‌തിരുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന പൊലീസിന്റെ നിരീക്ഷണ കാമറകളിൽ പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ തെളിഞ്ഞിരുന്നു. നിലയ്ക്കലിൽ പൊലീസുമായി ഏറ്റുമുട്ടിയ 210 പേരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ പൊലീസ് വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ചിത്രങ്ങൾ അയയ്ക്കുകയുണ്ടായി. ഇതേ തുടർന്നാണ് പതിനെട്ടുപേരെ അറസ്റ്റ് ചെയ്തത്. പൊലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തതായി കേസുള്ളവരാണിവർ.

അക്രമങ്ങളിൽ പങ്കെടുത്തവരുടെ ദൃശ്യങ്ങൾ ബുധനാഴ്ച വൈകിട്ടാണ് പൊലീസ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. പത്തനംതിട്ട പൊലീസ് ചീഫ്, ഡിവൈ. എസ്.പി, പമ്പ സി.എെ എന്നിവരുടെ ഫോൺ നമ്പരുകളും ഒപ്പം നൽകിയിരുന്നു. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ നിന്നു ലഭിച്ച വിവരങ്ങൾ അപ്പോൾ തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറി.

sabarimala-women-entry

ശബരിമല അക്രമം- കണക്കുകൾ ഇങ്ങനെ

മൊത്തം കേസുകൾ-452

അറസ്റ്രിലായവർ-1410

ജാമ്യത്തിൽ വിട്ടയച്ചവർ-1206

സോഷ്യൽമീഡിയ ദുരുപയോഗത്തിന് കേസുകൾ-21

സോഷ്യൽമീഡിയ കേസുകളിലെ അറസ്റ്റ്-8

പിടിച്ചെടുത്ത മൊബൈൽഫോണുകൾ-4

പിടിച്ചെടുത്ത വാഹനങ്ങൾ-11

കേസുകൾ ജില്ലതിരിച്ച്

തിരുവനന്തപുരം-16

തിരുവനന്തപുരം റൂറൽ-7

കൊല്ലം സിറ്റി-19

കൊല്ലം റൂറൽ-13

പത്തനംതിട്ട-50

ആലപ്പുഴ-19

കോട്ടയം-18

ഇടുക്കി-11

കൊച്ചി സിറ്രി-13

എറണാകുളം റൂറൽ-21

തൃശൂർ സിറ്റി-20

തൃശൂർ റൂറൽ-15

പാലക്കാട്-36

മലപ്പുറം-49‌

കോഴിക്കോട് സിറ്റി-56

കോഴിക്കോട് റൂറൽ-19

വയനാട്-13

കണ്ണൂർ-32

കാസർകോട്-13

അറസ്റ്റ് ജില്ല തിരിച്ച്

തിരുവനന്തപുരം-76

തിരുവനന്തപുരം റൂറൽ-1

കൊല്ലം സിറ്റി-32

കൊല്ലം റൂറൽ-5

പത്തനംതിട്ട-120

ആലപ്പുഴ-191

കോട്ടയം-95

ഇടുക്കി-10

കൊച്ചി സിറ്രി-226

എറണാകുളം റൂറൽ-75

തൃശൂർ സിറ്റി-0

തൃശൂർ റൂറൽ-9

പാലക്കാട്-57

മലപ്പുറം-133

കോഴിക്കോട് സിറ്റി-44

കോഴിക്കോട് റൂറൽ-16

വയനാട്-100

കണ്ണൂർ-8

കാസർകോട്-92

ചിത്തിര ആട്ടവിളക്കിന് നട തുറക്കുന്ന നവംബർ അഞ്ചിനും തീർത്ഥാടന കാലം തുടങ്ങുന്ന 17 മുതലും സംഘർഷം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന്, യുവതീ പ്രവേശനത്തെ ഏതുവിധേനയും എതിർക്കാൻ തയ്യാറാകുന്ന ഹിന്ദുസംഘടനകളുടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. ശബരിമലയിൽ നിന്ന് അക്രമികളെ പൂർണമായും ഒഴിപ്പിക്കുമെന്നും സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയും അറസ്‌റ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് വിവരം.