kseb-manipuzha
kseb

തിരുവല്ല: കാറ്റടിച്ചാൽ കറന്റ് പോകുന്ന കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷന്റെ പ്രവർത്തനത്തിനെതിരെ പരാതികളേറുന്നു. മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പതിവാകുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവർ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്. സെക്ഷന്റെ പരിധിയിൽ വരുന്ന പെരിങ്ങര, നെടുമ്പ്രം,കടപ്ര പഞ്ചായത്തിന്റെയും നഗരസഭയുടെയും ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാപകലന്യേ അടിക്കടി ഉണ്ടാകുന്ന വൈദുതി മുടക്കം ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. പകൽ സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന വൈദ്യുതി തടസം നിർമാണ മേഖലയെയും ബാങ്കിംഗ് അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. രാത്രിയിലെ വൈദ്യുതി മുടക്കം കൊച്ചുകുട്ടികൾക്കും വൃദ്ധർക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ലൈനുകളിലേക്ക് വീണു കിടക്കുന്ന മരച്ചില്ലകൾ യഥാസമയം വെട്ടിമാറ്റാത്തതും വൈദ്യുതി തടസത്തിന് കാരണമാകുന്നു. തദ്ദേശഭരണ വകുപ്പിൽ നിന്ന് അനുവദിക്കുന്ന സൗജന്യ ഗാർഹിക കണക്ഷനുകൾ നൽകുന്നതിലും വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികളിലും ഉദ്യോഗസ്ഥർ അടക്കമുള്ളവർ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് വാർഡ് മെമ്പറന്മാർ അടക്കമുള്ളവർ പരാതിപ്പെട്ടിട്ടുണ്ട്. വൈദ്യുതി തടസം പതിവായതോടെ പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ രണ്ടാഴ്ച മുമ്പ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെ നേരിൽക്കണ്ട് പരാതി പറഞ്ഞിരുന്നു.

അപ്രതീക്ഷിതമായി ഫീഡറുകളിൽ ഉണ്ടാവുന്ന തകരാറാണ് വൈദ്യുതി മുടക്കത്തിന് പ്രധാന കാരണം. ഗാർഹിക കണക്ഷനുകൾ നൽകുന്നതിലും വഴിവിളക്കുകളുടെ അറ്റകുറ്റപ്പണിയിലും കാലതാമസം വരുത്താറില്ല.

സി.ജി.സുരേന്ദ്രൻ,
അസി. എക്സിക്യൂട്ടീവ് എൻജിനിയർ