തിരുവല്ല: കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോലറയാറിന്റെ രണ്ടാംഘട്ട പുനരുജ്ജീവന പ്രവർത്തനോദ്ഘാടനം ഇന്ന് നിരണം ശിശുവിഹാറിൽ രാവിലെ 10ന് മന്ത്രി മാത്യു ടി.തോമസ് നിർവഹിക്കും. നാല് കോടി രൂപ മുതൽ മുടക്കിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. പമ്പാനദിയിലെ അറയ്ക്കൽ മുരുപ്പിൽ നിന്ന് തുടങ്ങുന്ന കോലറയാർ കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ കടന്ന് അരീത്തോടിൽ അവസാനിക്കും. 12.5 കിലോമീറ്റർ ദൂരമാണ് കോലറയാറിനുള്ളത്. കടപ്ര നിരണം പഞ്ചായത്തിലൂടെ ഒഴുകുന്ന കോലറയാറിന്റെ പുനരുജ്ജീവനത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങുകയായിരുന്നു. ഈ ജനകീയ കൂട്ടായ്മ സ്വരൂപിച്ച 15.65 ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് മാസം കൊണ്ടാണ് ഒന്നാം ഘട്ടം 2017 സെപ്തംബർ രണ്ടിന് പൂർത്തിയാക്കിയത്. ഒന്നാം ഘട്ട പ്രവർത്തനത്തിന് പിന്നാലെ കിറ്റ്‌കോയുടെ നേതൃത്വത്തിൽ പരിസ്ഥിതി പഠനം നടത്തിയിരുന്നു. ഇത് അവസാനഘട്ടത്തിലാണ്. ഈ പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 12.5 കിലോമീറ്റർ ദൂരത്തിലും കോലറയാറിൽ നിന്ന് മണ്ണെടുത്ത് മാറ്റി ആഴം കൂട്ടും. കോലറയാറിന്റെ ഉത്ഭവ സ്ഥാനമായ കടപ്ര, അറയ്ക്കൽമുരുപ്പിലും അവസാനിക്കുന്ന നിരണം അരീത്തോടിലെ പൂയംവേലിമുയപ്പിലുമായി 600 മീറ്റർ ദൂരത്തിൽ പിച്ചിംഗ് കെട്ടും. നിരണം പഞ്ചായത്തിലെ അരിയോടിപ്പാടം , നിരണത്ത് തടത്തിലെ മാവിലേത്ത് , പൂവൻമേലി, അയ്യൻകോനാരി, കടപ്രയിലെ ചേങ്കേരിപ്പാടം എന്നിവിടങ്ങളിൽ പമ്പ് ഹൗസ് സ്ഥാപിക്കും. പതിനൊന്ന് കടവുകൾ പുനരുദ്ധരിക്കും. ആലംതുരുത്തി കടവ്, പാട്ടമ്പലം കടവ് എന്നിവിടങ്ങളിൽ ടൈൽസ് വിരിച്ച് പടിക്കെട്ടുകൾ നിർമിക്കും. തിട്ടകൾ ഇടിഞ്ഞ് താഴാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമിക്കും. മണ്ണ് നീക്കം ചെയ്യുന്നത് നിരീക്ഷിക്കുന്നതിനും പ്രവർത്തനത്തിനുമായി ജില്ലാകളക്ടർ കടപ്ര, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ , വിവിധവകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെ ഉൾക്കൊള്ളിച്ചുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറുമാസ കാലാവധിയാണ് നിർമാണത്തിനുള്ളത്. ഇതിൽ മൂന്ന് മാസം പ്രളയത്തിൽ കഴിഞ്ഞ് പോയിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
രണ്ടാംഘട്ടത്തിൽ
അഞ്ച് പമ്പ് ഹൗസുകൾ, പതിനെട്ട് കുളിക്കടവുകൾ, രണ്ട് കുളിക്കടവുകളുടെ സൗന്ദര്യവത്ക്കരണം, സംരക്ഷണഭിത്തി എന്നിവയുടെ നിർമാണം. അഞ്ച് കിലോമീറ്റർ കയർഭൂവസ്ത്രം വിരിക്കൽ.
♦ ചെലവിടുന്നത്
4 കോടി