police
അക്രമിയെന്നു ക‌രുതി പൊലീസ് പറത്തുവിട്ട ഇബ്രാഹിമിന്റെ ചിത്രം

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലും പരിസരപ്രദേശങ്ങളിലും ആക്രമണം നടത്തിയവരുടേതായി പത്തനംതിട്ട പൊലീസ് പുറത്തുവിട്ട 210 പേരുടെ ചിത്രങ്ങളിൽ അബദ്ധത്തിൽ പൊലീസുകാരനും ഉൾപ്പെട്ടു. പൊലീസിന് അബദ്ധം പറ്റിയത് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ ചിത്രം പിൻവലിച്ചു. പത്തനംതിട്ട എ.ആർ ക്യാമ്പിലെ റിക്കവറി വാൻ ഡ്രൈവറായ എസ്. ഇബ്രാഹിമിന്റെ ചിത്രമാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചരിച്ചത്. 167-ാമത്തെ ചിത്രമാണ് ഇബ്രാഹിമിന്റേത്. നിലയ്ക്കലിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ പൊലീസ് റിക്കവറി വാനും തകർന്നിരുന്നു. ഇതിനരികെ സാധാരണ വേഷത്തിൽ നിന്നിരുന്ന ഇബ്രാഹിമിന്റെ ചിത്രം അബദ്ധത്തിൽ പകർത്തിയതാണെന്നും ഇത് ഒഴിവാക്കിയെന്നും പത്തനംതിട്ട ഡിവൈ.എസ്.പി എസ്. റഫീക്ക് പറഞ്ഞു. പൊലീസ് മഫ്തിയിൽ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.