പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിന് നഗരസഭ അനുമതി നൽകാത്തത് തീർത്തും ദൗർഭാഗ്യകരമാണെന്ന് വീണാ ജോർജ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയം കലർത്തുന്ന നിലപാട് ജില്ലയുടെ കായിക സ്വപ്നത്തിനേറ്റ പ്രഹരമാണ്. ഇതുപോലൊരു പദ്ധതി ഇനിയൊരിക്കലും പത്തനംതിട്ടയ്ക്ക് ലഭിക്കില്ല. ഈ പദ്ധതി അട്ടിമറിയ്ക്കുകയാണ് നഗരസഭ. നിർമ്മാണം തുടങ്ങാൻ ആവശ്യമായ ഫണ്ട് അടക്കം ലഭിച്ചിട്ടും ധാരണാ പത്രത്തിൽ ഒപ്പിടാൻ നഗരസഭ വിസമ്മതിക്കുന്നത് രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി മാത്രമാണെന്നും അവർ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം നിലവിൽ വന്ന ധാരണാ പത്രമാണ് ഒപ്പിടാനാവില്ലെന്നും വികസനം ആവശ്യമില്ലെന്നുമുള്ള കാരണത്താൽ നഗരസഭ തിരിച്ചയച്ചത്. ചെങ്ങന്നൂർ, ചാലക്കുടി, മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ ഇരുപത് തദ്ദേശ സ്ഥാപനങ്ങൾ ധാരണാ പത്രം ഒപ്പിട്ട് നിർമ്മാണം ആരംഭിച്ചു. നഗരസഭ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ സർവേയും മണ്ണ് പരിശോധനകളും നടന്നിരുന്നു. ജില്ലയുടെ മൊത്തത്തിലുള്ള വികസനകുതിപ്പിന് കൂടിയാണ് നഗരസഭ ഇപ്പോൾ വിലങ്ങു തടിയായിരിക്കുന്നത്. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ.ജി നായർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ, മുൻ നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
നഗരസഭയുടെ ആശങ്ക
ചെയർപേഴ്സൺ ഗീതാ സുരേഷ് പങ്കുവയ്ക്കുന്നു
സ്റ്റേഡിയത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ആശങ്കകളുണ്ട്. ഇതിൽ യുവജനകാര്യ വകുപ്പ് ഡയറക്ടർ ഒന്നാം കക്ഷിയും നഗരസഭാ ചെയർപേഴ്സൺ രണ്ടാം കക്ഷിയുമാണ്. ഒന്നാം കക്ഷിയുടെ നിർദേശങ്ങളും തീരുമാനങ്ങളും രണ്ടാം കക്ഷി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് നഗരസഭയ്ക്ക് അനുകൂലമല്ല.
നഗരസഭയ്ക്ക് സ്റ്റേഡിയത്തിന്റെ മേലുള്ള അധികാരം നഷ്ടപ്പെടുമോ എന്ന് ആശങ്ക പരിഹരിക്കപ്പെട്ടിട്ടില്ല. മുനിസിപ്പാലിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നാംകക്ഷിയുടെ കൈവശം എൽപ്പിക്കണമെന്ന് ധാരണാ പത്രത്തിലുണ്ട്.
സമിതിയിൽ നഗരസഭയുടെ പ്രാതിനിധ്യം കുറവാണ്. ഒൻപതംഗ കമ്മിറ്റിയിൽ നഗരസഭയിൽ നിന്ന് ചെയർപേഴ്സണും മുനിസിപ്പൽ സെക്രട്ടറിയും മാത്രം.
കെ.കെ നായർ ജില്ലാ സ്റ്റേഡിയം എന്ന പേര് നൽകുന്ന കാര്യത്തിൽ വ്യക്തത കുറവ്
നഗരസഭയ്ക്കുള്ള മറുപടി
(എം.എൽ.എ വിശദീകരിക്കുന്നു)
നഗരസഭയ്ക്ക് തന്നെയാണ് ഉടമസ്ഥാവകാശം. സ്ഥലവും നഗരസഭയുടെ മാത്രം സ്വത്താണ്.
ഒൻപത് പേരടങ്ങുന്ന (ഗവേണിംഗ് ബോഡി) സമിതിയിൽ നഗരസഭാ ചെയർപേഴ്സൺ ആയിരിക്കും സമിതിയുടെ അദ്ധ്യക്ഷ. എം.എൽ.എ രക്ഷാധികാരി മാത്രമായിരിക്കും. മുനിസിപ്പൽ സെക്രട്ടറിയും ഇതിൽ അംഗമാണ്. ബാക്കി ഡയറക്ട്രേറ്റ് അംഗവും സ്പോർട്സ് കൗൺസിൽ അംഗവും കായിക താരങ്ങളും ആകും. കൗൺസിലർമാർക്ക് വേണ്ടി സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്. സബ് കമ്മിറ്റികളുടെ അംഗീകാരമുണ്ടെങ്കിലേ സമിതിയ്ക്ക് അനുമതി നൽകാൻ കഴിയുകയുള്ളു. അധികാരം പൂർണമായും നഗരസഭയ്ക്കാണ്.
സ്റ്റേഡിയത്തിന് കെ.കെ നായർ സ്റ്റേഡിയം എന്ന് പേര് നൽകുമെന്ന് രേഖാ മൂലം നഗരസഭയെ അറിയിച്ചിരുന്നു. ബ്ലസൻ ജോർജിന്റെ പേരിൽ ഇൻഡോർ സ്റ്റേഡിയം മാത്രമാണുള്ളത്.