19.59കോടിയുടെ ഭരണാനുമതി
റാന്നി : അയിരൂർ, കൊറ്റനാട്, എഴുമറ്റൂർ, പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലാങ്കര - അയിരൂർറോഡ് അന്താരാഷ്ട്ര നിലവാരത്തിൽ പുനരുദ്ധിക്കുന്നതിന് 19.59കോടിയുടെ സാങ്കേതികാനുമതി ലഭിച്ചതായി രാജു ഏബ്രഹാം എം.എൽ.എ അറിയിച്ചു. ബി.എം.ബി.സി നിലവാരത്തിലാകും പുന:രുദ്ധരിക്കുക. ഇതോടെ തിരുവല്ലയിൽ നിന്ന് റാന്നിയിലേക്ക് ദൂരം കുറഞ്ഞ പാതയായി ഇത് മാറും. തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടവർക്കും അയ്യപ്പ ഭക്തർക്കും ഈ റോഡ് ഒരുപോലെ പ്രയോജനം ചെയ്യും.
നിലവിൽ 8 മീറ്റർ മാത്രമാണ് റോഡിന്റെ വീതി. തകർന്ന് വാഹനഗതാഗതം തന്നെ അപ്രാപ്യമായ അവസ്ഥയിലാണ്. റോഡിന്റെ വീതി 10.50 മീറ്ററായി വർദ്ധിപ്പിക്കാൻ നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടു നൽകും. 5.80 മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. കാലഹരണപ്പെട്ടത് ഉൾപ്പെടെയുളള കലുങ്കുകൾ മാറ്റി നിർമ്മിക്കും. 32 കലുങ്കുകളാണ് ഈറോഡിൽ നിർമ്മിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന ഭാഗങ്ങളിൽ വസ്തു ഉടമകൾക്ക് സൗജന്യമായി സംരക്ഷണ ഭിത്തി കെട്ടി നൽകും. ഓടകളും ഐറിഷ് ഡ്രെയിനും വെള്ളക്കെട്ടുളളിടങ്ങളിൽ ഇന്റർലോക്ക് കട്ടകളും വിരിയ്ക്കും. ദിശാ സൂചകബോർഡുകളും അപകടസൂചനാബോർഡുകളും ക്രാഷ് ബാറിയറും ഉൾപ്പെടെ സ്ഥാപിക്കും.
സാങ്കേതികാനുമതി ലഭിച്ചതോടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യും. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ജനുവരിയിൽ നിർമ്മാണം ആരംഭിക്കാനാവും എന്നാണ് പ്രതീക്ഷ.